രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും! 12 കോടി ജനങ്ങള്‍ പട്ടിണിയിലാകും; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് 19ഉം തുടര്‍ന്നുണ്ടായ ലോക്ഡൗണും വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധിയില്‍ രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് രാജ്യത്തിന്റെ വരുമാനത്തേയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും 12 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നും അന്താരാഷ്ട്ര മാനേജ്മന്റെ് കണ്‍സല്‍ട്ടിങ് കമ്പനിയായ അര്‍തര്‍ ഡി ലിറ്റിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നഷ്ടവും ദാരിദ്ര്യവും പ്രതിശീര്‍ഷ വരുമാനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തും. ഇത് ആഭ്യന്തര വളര്‍ച്ച നിരക്കിനെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി 25 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പാക്കേജ് തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പച്ചപിടിപ്പിക്കില്ലെന്നാണ് വിലയിരുത്തല്‍.
രാജ്യം രണ്ട് സാമ്പത്തിക പ്രതിസന്ധിയും വീണ്ടെടുക്കലുമായിരിക്കും നേരിടേണ്ടിവരിക. ഡബ്ല്യൂ ആകൃതിയിലുള്ള സാമ്ബത്തിക ആഘാതവും വീണ്ടെടുക്കലുമായിരിക്കും രാജ്യം നേരിടേണ്ടിവരുമെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് മൂലം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 35 ശതമാനമായി ഉയരും. 13.5 കോടി ജനങ്ങള്‍ക്ക് ഇതിനകം തന്നെ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 17.4 കോടി ആകുമെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് 19 നെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കും ദിവസക്കൂലിക്കാര്‍ക്കും വരുമാനം നിലച്ചു. ജനങ്ങളുടെ കൈയിലേക്ക് പണം നേരിട്ട് എത്താതായി. അതേസമയം വരവില്ലാതെ ചെലവിനെ നേരിടേണ്ട സ്ഥിതിയും കൈവന്നു. ഇത് ദരിദ്രവിഭാഗങ്ങളെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുമെന്നും പറയുന്നു.