കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതില്‍ അടര്‍ന്ന് വീണ് 12 വയസുകാരന് ഗുരുതര പരിക്ക്
കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതില്‍ അടര്‍ന്ന് വീണ് 12 വയസുകാരന് ഗുരുതര പരിക്ക്. കാക്കനാട് തുതിയൂര്‍ കണ്ണിച്ചിറ വീട്ടില്‍ പ്രകാശന്റെ മകന്‍ ആകാശ് പ്രകാശിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 11ന് തൃക്കാക്കര നഗരസഭ കാര്യാലയത്തിന് സമീപമാണ് സംഭവം. ബന്ധുക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ മുന്നില്‍ പോയ ബസില്‍ നിന്ന് അടര്‍ന്നുവീണ വാതില്‍ ആകാശിന്റെ തലയില്‍ പതിക്കുകയായിരുന്നു. ഡ്രൈവറുടെ കാബിന്റെ വാതിലാണ് അടര്‍ന്നു വീണത്.
ബന്ധുക്കളുടെ നടുവിലാണ് ആകാശ് ഇരുന്നിരുന്നത്. കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ല. ഗുരുതര പരിക്കേറ്റ ആകാശിനെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നിലവില്‍ വെന്റിലേറ്ററിലാണ് ആകാശ്. ബസുടമയ്ക്കെതിരെ കേസെടുത്ത തൃക്കാക്കര പോലീസ് ബസ് പിടിച്ചെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് ഓടിച്ചതിനെ തുടര്‍ന്ന് എടുത്ത കേസ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. പരിശോധനയ്ക്ക് ശേഷം ബസിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.