തൃശൂര്‍: സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരിച്ചിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ് കണ്ടെത്തി. സംഭവത്തില്‍ സെക്രട്ടറി ഉള്‍പ്പടെ ആറ് ബാങ്ക് ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. തട്ടിപ്പ് വ്യക്തമായതോടെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വായ്പ ലഭിക്കാന്‍ ഇടപാടുകാര്‍ നല്‍കിയ ഭൂമിയുടെ രേഖകള്‍ വച്ച് ജീവനക്കാര്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘം മൂന്നും നാലും തവണ വായ്പ എടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നോട്ടീസ് ലഭിച്ചു. ഇതോടെയാണ് വന്‍ തട്ടിപ്പിന്റെ കഥ പുറംലോകം അറിഞ്ഞത്.
46 പേരുടെ വായ്പകള്‍ ഒരാളുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമായിട്ടുണ്ട്. സഹകരണ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് വ്യക്തമായത്. ഗുഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.