ചങ്ങനാശേരി: മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാൻ പറ്റില്ലെന്നും സങ്കൽപങ്ങളെ സങ്കൽപങ്ങളായി കാണണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ലെന്ന നിലപാടുമായി എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണം. ചങ്ങനാശ്ശേരി വാഴപ്പള്ളിയിലെ ഗണപതിക്ഷേത്രത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എത്തി പ്രാർത്ഥന നടത്തി. എൻ എസ് എസ് ഭാരവാഹികളും കൂടെയുണ്ടായിരുന്നു. തേങ്ങയുടച്ചായിരുന്നു സുകുമാരൻ നായരുടെ പ്രാർത്ഥന. ഗണപതി ഹോമവും നടത്തി. ക്ഷേത്രത്തിലെത്തിയ സുകുമാരൻ നായരെ സ്വീകരിക്കാൻ ബിജെപി നേതാക്കളുമെത്തി.
ശബരിമല ആചാര സംരക്ഷണ മോഡലിൽ വിശ്വാസ സംരക്ഷണത്തിനാണ് എൻ എസ് എസ് ശ്രമം. ഇതിന് തുടക്കമിട്ടാണ് സുകുമാരൻ നായർ തന്നെ ഗണപതിക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ സുകുമാരൻ നായർ എത്തിയപ്പോൾ ബിജെപി നേതാക്കളും അവിടെയുണ്ടായിരുന്നു. മുതിർന്ന നേതാവ് രാധാകൃഷ്ണ മേനോന്റെ നേതൃത്വത്തിലായിരുന്നു ബിജെപിക്കാർ എത്തിയത്. സുകുമാരൻ നായർക്കൊപ്പം കുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിന് എത്തി. ഷംസീറിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർത്താനാണ് എൻ എസ് എസ് തീരുമാനം. ബിജെപി പരസ്യമായി തന്നെ ഇതിനെ പിന്തുണയ്ക്കും.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിശ്വാസങ്ങളെ, അത് ഏതു മതവിഭാഗത്തിന്റേതായാലും, ശാസ്ത്രീയതയുടെ പേരുപറഞ്ഞു തള്ളിക്കളയുന്നത് ആ വിഭാഗത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കും. ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസപ്രമാണങ്ങളിൽ ഇത്തരത്തിൽ കടന്നുകയറ്റം നടത്തുന്നതു വിശ്വാസികൾക്കു വേദനയുണ്ടാക്കുന്നതാണെനനാണ് സുകുമാരൻ നായരുടെ നിലപാട്. അത് അംഗീകരിക്കാവുന്നതല്ല.
മറ്റു കാര്യങ്ങളിൽ മിത്തിനെ മിത്തായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രീയമായ രീതിയിൽ കാണുന്നതിൽ തെറ്റില്ല. ഇതു സംബന്ധിച്ച് മുൻ മന്ത്രി എ.കെ.ബാലന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഷംസീറിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസസംരക്ഷണദിനമായി ആചരിക്കും. ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നിസാരവത്കരിച്ചതിൽ സർക്കാരിനെതിരെയും എൻഎസ്എസ് കടുത്ത വിമർശനം ഉന്നയിച്ചു. ഷംസീറിന്റെ രാജി ആവശ്യം കടുപ്പിച്ചിരിക്കുകയാണ് എൻഎസ്എസ്.
ഷംസീറിന്റെ ഗണപതി അവഹേളനത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് ഹിന്ദു സംഘടനകൾ. ചെയ്ത തെറ്റിൽ മാപ്പ് പറഞ്ഞ് സ്പീക്കർ സ്ഥാനം രാജിവക്കണെമന്ന് അഖില കേരള തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. ഷംസീറിന്റെ ഹിന്ദു അവഹേളനത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയും രംഗത്തുവന്നു. ഹിന്ദു ആചാരങ്ങളെയും ദൈവങ്ങളെയും അധിക്ഷേപിക്കുന്ന ഇടത് നിലപാട് തുടരുകയാണ്. ഷംസീറും പാർട്ടിയും വിപ്ലവകരമായ വോട്ട് പരിവർത്തനമാണ് ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്നതിലൂടെ ലക്ഷ്യം വക്കുന്നതെന്ന് അഖില കേരള തന്ത്രി മണ്ഡലം പ്രതികരിച്ചു.
വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൗനത്തെ ഹിന്ദു ഐക്യവേദി വിമർശിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി.