ബി.ജെ.പിയുടെ ടിക് ടോക്ക് താരത്തിന് കനത്ത തോല്‍വി
ഛത്തീസ്ഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിപ്പിച്ച ടിക് ടോക്ക് താരത്തിന് കനത്ത പരാജയം. കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുക്കാന്‍ ബി.ജെ.പി രംഗത്തിറക്കിയ സൊനാലി ഫോഗട്ടാണ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കുല്‍ദീപ് ബിഷ്ണോയി ഇവിടെ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു.
ടിക് ടോക്കില്‍ മാത്രം സൊനാലിക്ക് ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇവരിലൂടെ കോണ്‍ഗ്രസ് കോട്ടയായ ആദംപൂര്‍ പിടിക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടല്‍. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് വന്‍ വിജയമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയത്. രണ്ട് വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന സൊനാലിയെ പാര്‍ട്ടിയുടെ വനിതാ സെല്‍ വൈസ് പ്രസിഡന്റായി അധികം വൈകാതെ നിയമിച്ചു. എന്നാല്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായിരുന്നു സൊനാലിയുടെ അവകാശവാദം.
ബിഷ്ണോയി സമുദാത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ആദംപൂര്‍. ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ആദംപൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബിഷ്ണോയി കുടുംബമാണ് വിജയിച്ചുവരുന്നത്. 1969 മുതല്‍ എട്ട് തവണ ഭജന്‍ ലാല്‍ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ഈ സീറ്റ് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ടിക് ടോക് താരത്തെ രംഗത്തിറക്കിയത്.