ന്യൂഡൽഹി: ഡൽഹി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പല തവണ കടുത്ത മാനസിക സംഘർഷത്തെത്തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയതായി റിപ്പോർട്ട്. സുഹൃത്തിന്റെ മകളെ 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ അഞ്ചു മാസത്തോളം തുടർച്ചയായി പീഡിപ്പിച്ചെന്ന കേസിൽ ഉദ്യോഗസ്ഥനായ പ്രമോദയ് ഖാഖയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പീഡനത്തിന് കൂട്ടുനിന്ന ഭാര്യയുടെ അറസ്റ്റും രേഖപ്പെടുത്തി. അന്ന് 14 വയസ്സുണ്ടായിരുന്ന പെൺകുട്ടി ഗർഭിണിയാകുകയും ഗർഭഛിദ്രത്തിന് ഖാഖയുടെ ഭാര്യ ഗുളിക നൽകുകയും ചെയ്തുവെന്നുമാണ് പൊലീസ് കേസ്.
മകളുടെ ബുദ്ധിമുട്ട് കണ്ട് അമ്മയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വച്ച് കൗൺസിലർമാർ കുട്ടിയോടു സംസാരിച്ചതിനെത്തുടർന്നാണ് നേരിട്ട പീഡനം കുട്ടി പുറത്തുപറഞ്ഞത്. അച്ഛന്റെ സുഹൃത്തായ ഖാഖയെ കുട്ടി ‘മാമ’ എന്നാണ് വിളിച്ചിരുന്നത്.
ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഓഗസ്റ്റ് 13ന് തന്നെ കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചയായിരുന്നു അപ്പോൾ. പോക്സോ കേസ് ഉൾപ്പെടെ റജിസ്റ്റർ ചെയ്തെങ്കിലും എട്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ഖാഖ. 2020ലാണ് പിതാവ് അന്തരിക്കുന്നത്. പിന്നാലെ കുട്ടിയുടെ അമ്മ ഖാഖയുടെ ബുറാഡിയിലെ വീട്ടിലേക്ക് മകളെ അയയ്ക്കുകയായിരുന്നു. 2021 ജനുവരിയിൽ പെൺകുട്ടി അമ്മയ്ക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയി. മജിസ്ട്രേറ്റിനു മൊഴി നൽകാനാകാത്ത അവസ്ഥയിലാണ് പെൺകുട്ടിയെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ മൊഴിയെടുക്കാനാണ് പൊലീസിന്റെ പദ്ധതി.
ഖാഖയുടെ അറസ്റ്റ് ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു ഡൽഹി പൊലീസിന് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു. ഡൽഹി വനിതാ – ശിശു വികസന വിഭാഗത്തിന്റെ ഡപ്യൂട്ടി ഡയറക്ടറായിരുന്നു ഖാഖ.
‘‘പെൺമക്കളെ സംരക്ഷിക്കേണ്ട ചുമതലയിൽ ഉള്ളവർ അവരെ വേട്ടയാടിയാൽ ആ പെൺകുട്ടികൾ എങ്ങോട്ടു പോകും?’’ – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ (ട്വിറ്റർ) കുറിപ്പിൽ ഡൽഹി വനിതാ കമ്മിഷൻ ചെയർപഴ്സൻ സ്വാതി മാലിവാൽ പറഞ്ഞു. ആശുപത്രിയിൽ പെൺകുട്ടിയെ കാണാനുള്ള നീക്കം പൊലീസ് തടഞ്ഞുവെന്നും സ്വാതി ആരോപിച്ചു.