ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് ബി.ജെ.പി. സ്ഥാനാർത്ഥി ആയേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ജലന്ധറിൽ നിന്ന് യുവരാജ് സിങ് മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
മുൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചനയുണ്ട്. ഡൽഹിയിലെ ഏതെങ്കിലും ഒരു ലോക്സഭാ മണ്ഡലത്തിൽ നിന്ന് സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഭോജ്പുരി നടൻ പവൻ സിങും ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പാതിരാത്രിയോളം നീണ്ടുനിന്ന ബി.ജെ.പി. യോഗത്തിൽ നൂറുപേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക തയ്യാറായതായാണ് വിവരം. വൈകാതെ തന്നെ ഇത് പുറത്തുവിടുമെന്നാണ് വിടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ് അടക്കമുള്ളവരുടെ പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടികയായിരിക്കും ബി.ജെ.പി. പുറത്തുവിടുക. വാരണാസിയിൽ നിന്നായിരിക്കും മോദി മത്സരിക്കുക. അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നും, ലഖ്നൗവിൽ നിന്ന് രാജ്നാഥ് സിങ്ങും മത്സരിക്കുമെന്നാണ് വിവരം. മൂവരും 2019-ല്‍ ഇതേ സീറ്റുകളിലാണ് വിജയിച്ചത്.
കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് മണ്ഡലങ്ങളും ആദ്യ പട്ടികയിൽ ഉണ്ടാകും.ആറ്റിങ്ങൽ- വി.മുരളീധരൻ, തൃശൂർ- സുരേഷ് ഗോപി, പാലക്കാട്-സി. കൃഷ്ണകുമാർ, എന്നിവർ മത്സരിക്കും. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ എത്തും എന്നാണ് കരുതുന്നത്.
പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.സി ജോർജ് എന്നിവരുടെ പേരാണ് പരിഗണനയിൽ. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ പേരും ചർച്ചകളിൽ ഉണ്ട്. കോട്ടയത്തും പി.സി ജോർജിൻ്റെ പേരുണ്ട്. ആലപ്പുഴയിൽ പി.എഫ്.ഐ-ബി.ജെ.പി സംഘർഷത്തിൽ കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷ രൺജിത് മത്സരിച്ചേക്കും.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കോരളത്തില്‍ രണ്ടക്കം കടക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ഉത്സാഹം കേരളത്തില്‍ ഇക്കുറി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും കാണാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ ബി.ജെ.പി ഇത്തവണ 400ലധികം സീറ്റുകള്‍ നേടി വിജയിക്കും. ഇത്തവണയും പരാജയപ്പെടുമെന്ന കാര്യം പ്രതിപക്ഷത്തിന് ഉറപ്പാണ്. പരാജയ ഭീതിയില്‍ അവരുടെ സമനില തെറ്റിയതിനാല്‍ ആക്ഷേപിക്കുക മാത്രമാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. കേരളത്തോട് മാത്രമല്ല ഒരു സര്‍ക്കാരിനോടും കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം കേരളത്തിനും ലഭിക്കുന്നുണ്ട്. ജനങ്ങള്‍ അത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സ്വപ്‌നങ്ങളെല്ലാം സഫലമാക്കുമെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മൂന്നാം സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുമെന്നും കേരളത്തിന്റെ വികസനത്തിന് കേന്ദ്രം മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തിരുവന്തപുരത്തെ വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങിലും മോദി പങ്കെടുത്തു. പരിപാടിയില്‍ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ അദ്ദേഹം പ്രഖ്യാപിച്ചു. മലയാളിയായ പ്രശാന്ത് നായരാണ് ദൗത്യ സംഘത്തിന്റെ ക്യാപ്റ്റന്‍.