ഓടുന്ന ലോറിയില്‍ സ്വിമ്മിംഗ് പൂളുമായി വ്ളോഗര്‍, ബ്രേക്കിട്ടപ്പോള്‍ പണി പാളി
ഓടിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ ട്രക്കിനെ (Truck) സഞ്ചരിക്കുന്ന നീന്തല്‍ക്കുളമാക്കി (Swimming Pool) മാറ്റി യൂട്യൂബര്‍. ഈ വേറിട്ട നീന്തല്‍ക്കുളത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്. Crazy XYZ എന്ന യൂട്യൂബര്‍ ആണ് അവരുടെ ചാനലിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്‍തിരിക്കുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്‍റെ വേറിട്ട പരീക്ഷണത്തിനായി താൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ലോറി വ്ലോഗർ കാണിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മെറ്റൽ സൈഡ് ഭിത്തികളുള്ള കൂറ്റനൊരു ലോറിയാണിത്. ഈ ലോറിയുടെ പിന്നിലെ സാധനങ്ങൾ കയറ്റുന്ന സ്ഥലം നീന്തൽക്കുളമാക്കി മാറ്റുകയാണ് വ്ലോഗറും സംഘവും ചെയ്‍തത്.
ട്രക്കിന്റെ ലഗേജ് ലോഡിംഗിലെ പാനലുകളും പാർശ്വഭിത്തികളും മെറ്റൽ ഷീറ്റുകളും മറ്റ് വസ്‍തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ വെള്ളം നേരിട്ട് നിറച്ചാല്‍ എല്ലാം ചോർന്നുപോകും. അതുകൊണ്ട് തന്നെ ട്രക്കറ്റിന്‍റെ പിന്നിലെ ബോഡി ഉള്‍പ്പെടെയുള്ളവ പ്ലൈവുഡ് ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചു വ്ളോഗറും കൂട്ടുകാരും. പിന്നിലെ ഗേറ്റ് ഉപയോഗിച്ച് ട്രക്കിലെ ലോഡിംഗ് ബെഡിലേക്ക് പ്രവേശിക്കാം. ഒടുവില്‍ ഈ വശവും പലക ഉപയോഗിച്ച് അടച്ചു.
വശങ്ങളില്‍ തടി ബോർഡുകള്‍ സ്ഥാപിച്ച ശേഷം വ്ലോഗറും സുഹൃത്തുക്കളും ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ട്രക്കിനുള്ളിൽ വിരിച്ചു. തുടര്‍ന്ന് നാല് ഭിത്തിയുടെയും അരികുകൾ ഒട്ടിച്ച് ഭദ്രമാക്കി. പ്ലാസ്റ്റിക് ഷീറ്റ് ഉറപ്പിച്ചതോടെ അതിൽ വെള്ളം നിറയ്ക്കാൻ തുടങ്ങി. ഇതൊരു ലളിതമായ പരീക്ഷണമാണെന്നും ലോറിയെ ചക്രങ്ങളിലുള്ള നീന്തൽക്കുളമാക്കി മാറ്റാൻ കഴിയുമോ എന്നറിയാൻ നിരവധി പേര്‍ ആഗ്രഹിക്കുന്നുവെന്നും വ്ലോഗർ പറയുന്നു. എന്നാല്‍ ട്രക്കിന്റെ പിൻഭാഗത്ത് വെള്ളം നിറയ്ക്കാൻ എടുത്ത സമയം വീഡിയോയിൽ പറയുന്നില്ല. പക്ഷേ ഇതൊരു ഒരു വലിയ ലോറിയാണെന്നും മോശമല്ലാത്ത അളവിൽ അതില്‍ വെള്ളമുണ്ട് എന്നും വീഡിയോയില്‍ വ്യക്തമാണ്.
വെള്ളം നിറഞ്ഞതോടെ ലോറിയുടെ ക്യാബിന് മുകളിലേക്ക് സുഹൃത്തിക്കളൊടൊപ്പം വ്ലോഗറും കയറി. തുടര്‍ന്ന് എല്ലാവരും ഈ നീന്തല്‍ കുളത്തിലേക്ക് ചാടി. കൂട്ടുകാരെല്ലാം കുളത്തിലേക്ക് ചാടിക്കഴിഞ്ഞപ്പോൾ വ്ളോഗര്‍ ഡ്രൈവറോട് ലോറി ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ട്രക്ക് നീങ്ങാൻ തുടങ്ങുകയും അതുവരെ അനങ്ങാതെ കിടന്നിരുന്ന വെള്ളം ചലനം മൂലം ചെറിയ തിരമാലകൾ ഉണ്ടാകാൻ തുടങ്ങി. ഒരു ഘട്ടത്തിൽ, ഡ്രൈവർ ലോറിയുടെ ബ്രേക്ക് അമർത്തിയപ്പോൾ, ട്രക്കിന് പിന്നിലെ വെള്ളമെല്ലാം മുന്നോട്ട് നീങ്ങി ഉയര്‍ന്നു പൊങ്ങി. ഇതോടെ വ്ളോഗര്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളത്തില്‍ മുങ്ങി.
ലോറിയുടെ ഓട്ടത്തിനിടെ വെള്ളത്തിന്റെ ചലന ശക്തി കൂടി. ഇതോടെ ലോറിയുടെ പിൻവശത്തെ ഭിത്തിയിലെ പ്ലാസ്റ്റിക് ഷീറ്റും പ്ലൈവുഡും തള്ളി വെള്ളം പുറത്തേക്ക് ഒഴുകാനും തുടങ്ങി. പുറത്തേക്ക് തള്ളിയ പ്ലാസ്റ്റിക് ഷീറ്റ് ഒരു വിധത്തിൽ വ്ളോഗറും സംഘവും അടയ്ക്കാന്‍ ശ്രമിക്കുന്നതും വെള്ളം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.