ആറുവയസുകാരിയായ മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറുത്തുകൊന്നു,ഇടുക്കിയില്‍ യുവാവ് പിടിയില്‍
കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജയാണ്(30) പിടിയിലായത്. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്.
മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ തല്‍ക്ഷണം രാജലക്ഷ്മി കൊല്ലപ്പെടുകയും ചെയ്തു. പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് രാജലക്ഷ്മി രാജയ്ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. അതിനിടെയാണ് ഇരുവരും പ്രിയദര്‍ശിനി കോളനിയിലെ വീട്ടിലേക്കു താമസം മാറുന്നത്. അടുത്തിടെയായി രാജലക്ഷ്മിക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് രാജ ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു.
സംഭവദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇക്കാര്യം അയല്‍വാസികളോട് പറയാന്‍ രാജയുടെ അമ്മ വീടിന് പുറത്തിറങ്ങിയ സമയമാണ് കൊലപാതകം നടന്നത്. ഈ സമയം ആറു വയസുള്ള മകള്‍ മാത്രമാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്.