സിഗരറ്റ് നല്‍കിയില്ല; കൊല്ലത്ത് യുവാവിനെ ഒടുന്ന ട്രെയിനില്‍ നിന്ന് ഹിന്ദി സംസാരിക്കുന്നയാള്‍ തള്ളിയിട്ടു
കൊല്ലം: സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ ഹിന്ദി സംസാരിക്കുന്നയാള്‍ യുവാവിനെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു. തീവണ്ടിയില്‍ നിന്നു വീണ യുവാവ് ഗുരുതര പരിക്കുകളോടെ പാളത്തിന് സമീപം കിടന്നത് 12 മണിക്കൂര്‍. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിളപുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന്‍ രാജു(31)വിനാണ് ദുരനുഭവം ഉണ്ടായത്. ഹിന്ദി സംസാരിക്കുന്നയാള്‍ സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ തന്നെ തീവണ്ടിയില്‍നിന്ന് തള്ളിയിട്ടതാണെന്ന് രാജു പറഞ്ഞു. തീവണ്ടിയുടെ വാതിലിനുസമീപം നില്‍ക്കുകയായിരുന്ന തന്നോട് അയാള്‍ സിഗററ്റ് ആവശ്യപ്പെട്ടു. സിഗററ്റില്ലെന്ന് അറിയിച്ചു. പിന്നാലെ തന്നെ പുറത്തേക്ക് തള്ളുകയായിരുന്നെന്ന് രാജു പറയുന്നു.
തിങ്കളാഴ്ച രാത്രി പെരിനാട്ടുവെച്ച് അമൃത എക്സ്പ്രസിലാണ് സംഭവം. തീവണ്ടിയില്‍നിന്ന് ആരോ വീണെന്ന സംശയത്തെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ ചങ്ങലവലിച്ച് വണ്ടിനിര്‍ത്തി അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അഞ്ചാലുംമൂട്, കിളികൊല്ലൂര്‍ സ്റ്റേഷനുകളിലെ പോലീസുകാരും നാട്ടുകാരും റെയില്‍വേ പോലീസും പെരിനാട് ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെയും തിരച്ചില്‍ നടത്തി. എന്നാല്‍ ഒരു ബാഗ് കിട്ടി.
ഒന്‍പതുമണിയോടെ പാതയിലൂടെ നടന്നുപോയയാള്‍ കാടുമൂടിയ പ്രദേശത്തുനിന്ന് നിലവിളികേട്ട് നോക്കിയപ്പോഴാണ് ഗുരുതര പരിക്കുകളോടെ യുവാവിനെ കാണുന്നത്. കിളികൊല്ലൂര്‍ പോലീസെത്തി യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ യുവാവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയില്‍ ഫാസ്റ്റ് ഫുഡ് ബിസിനസ് നടത്തുകയാണ് രാജു.