ചങ്ങരംകുളത്ത് പ്രണയത്തില്‍ നിന്ന് പിന്മാറാന് 17കാരിയോട് യുവാവ് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ! പോലീസും ബന്ധുക്കളും ചേര്‍ന്ന് ഒടുവില്‍ യുവാവിനെ കുടുക്കിയത് നാടകീയമായി
ചങ്ങരംകുളം: പ്രണയം നടിച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ 22കാരന്‍ പിടിയില്‍. വയനാട് പുതുശേരി കോളോത്ത് മുഹമ്മദ് അനീസ്(22)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. പ്രണയത്തില്‍ നിന്ന് പിന്മാറാന് 17 കാരിയോട് പത്ത് ലക്ഷം രൂപയാണ് യുവാവ് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഒന്നര പവന്റെ ആഭരണം കൈക്കലാക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ സ്വഭാവദൂഷ്യം മനസിലാക്കി പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു തുടങ്ങിയത്. പിന്നീട് പെണ്‍കുട്ടിയോടൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുകാരില്‍ നിന്ന് പലപ്പോഴായി പണം കൈപ്പറ്റുകയും ആയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി മൈസൂരില്‍ ഉണ്ടെന്ന് കണ്ടത്തുകയും പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പോലീസ് പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു.