മുന്‍കാമുകി പിറന്നാള്‍ ആശംസ അറിയിച്ചില്ല; മനംനൊന്ത് 25കാരന്‍ ജീവനൊടുക്കി
ബംഗളൂരു: മുന്‍കാമുകി പിറന്നാള്‍ ആശംസകള്‍ അറിക്കാത്തതില്‍ മനംനൊന്ത് 25കാരന്‍ ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു സംഭവം.
2017 മുതല്‍ 2019 വരെ ബംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാര്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബംഗളൂരുവിലെ വീടിനടുത്ത് താമസിച്ചിരുന്ന ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ ബംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി.
കാമുകി അകലംപാലിച്ചതോടെ ശിവകുമാര്‍ ഏറെ നിരാശയിലായിരുന്നു. ഫെബ്രുവരി 26ന് തന്റെ ജന്മദിനത്തില്‍ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ രാത്രിയായിട്ടും പെണ്‍കുട്ടി വിളിക്കുകയോ ആശംസ നേരുകയോ ചെയ്യാതിരുന്നതോടെ ഇയാള്‍ കിടപ്പുമുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരിന്നു.