ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ട്രെയിന്‍ ഗതാഗതം കാല്‍മണിക്കൂര്‍ വൈകി
പരപ്പനങ്ങാടി: ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം. മലപ്പുറം പരപ്പനങ്ങാടിയില്‍ ആണ് സംഭവം. കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് ട്രെയിനിനു മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ട് 5ന് ആണ് സംഭവം. ട്രെയിന്‍ വരുമ്പോള്‍ ഓടിയെത്തിയ യുവാവിനെ കണ്ട് ട്രെയിന്‍ പ്ലാറ്റ്ഫോമിനു പകുതിയില്‍ നിര്‍ത്തി. ഇയാള്‍ എന്‍ജിനു സമീപം ചേര്‍ന്ന് ട്രെയിനിനു മുകളില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും ഓടാനാരംഭിച്ചു.
യുവാവിന്റെ പരാക്രമം കണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ഷൊര്‍ണൂരില്‍ അറിയിച്ച് റെയില്‍വേ ലൈനിലെ വൈദ്യുതി വിച്ഛേദിച്ചു. തുടര്‍ന്ന് കാല്‍മണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. മംഗലാപുരം സ്വദേശി റഹ്മാന്‍(25) ആണ് ഭീഷണി മുഴക്കിയത്. ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങള്‍ പറയുന്നത്. ഇയാളെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ച് ഏഴുമണിയോടെ കോഴിക്കോട് ആര്‍പിഎഫിന് കൈമാറി. അതേസമയം 4.57ന് എത്തിയ ട്രെയിന്‍ 5.10നാണ് യാത്രയായത്.