തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടെന്ന സൂചന നല്‍കി വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് പോസ്റ്റ് ചെയ്ത ചിത്രം വിവാദത്തില്‍. ടാര്‍പാളിനും ഷീറ്റും ഉപയോഗിച്ചുളള പഴയ വീടിന്റെ ചിത്രവും പുതുതായി നിര്‍മ്മിച്ച വീടിന്റെ ചിത്രവുമാണ് ‘ലൈഫ് നമ്മുടെ സര്‍ക്കാര്‍’ എന്ന തലവാചകത്തോടെ വി.കെ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ചിത്രത്തിലെ വീട് തന്റെ വീടാണെന്നും കൂലിപ്പണി ചെയ്ത് നിര്‍മ്മിച്ച വീടാണിതെന്നും സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടല്ലെന്നും കാര്യങ്ങള്‍ ഒന്നും അറിയാതെ ഇത്തരം പോസ്റ്റ് ഇടരുതെന്നും ഒരു യുവാവ് എം.എല്‍.എയുടെ പോസ്റ്റിന് മറുപടി നല്‍കി. തുടര്‍ന്ന് എം.എല്‍.എ പോസ്റ്റ് നീക്കം ചെയ്തു.
ഒരു വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന്റെ ഈ ചിത്രം വീട്ടുടമയായ യുവാവ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ അതേ ചിത്രം എം.എല്‍.എ ഷെയര്‍ ചെയ്തതാണ് വിവാദമായത്. ചിത്രം പിന്‍വലിച്ചതിന്റെ വിശദീകരണം വി.കെ പ്രശാന്ത് നല്‍കിയിട്ടില്ല.