ഇരുപതുകാരിയെ കോട്ടയത്തെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍
തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുപതുകാരിയെ കോട്ടയത്തെ ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചശേഷം മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂവച്ചല്‍ വീരണകാവ് വില്ലേജില്‍ കുന്നാരി കരിക്കകത്ത് വിഷ്ണു ടി. രാജി(25)നെയാണു തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവല്ല സ്വദേശിയായ യുവതിയെ കഴിഞ്ഞ മാസം 22 നു കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയില്‍ എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. തുടര്‍ന്നു നഗ്‌ന ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് പറഞ്ഞതനുസരിച്ചു പെണ്‍കുട്ടി യുവാവിനെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി തിരുവല്ല സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.