മുംബൈ:ഇന്ത്യയിലെ ആരാധകർക്ക് സന്തോഷവാർത്തയുമായി പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി രംഗത്ത്. സമ്മർ സർവീസ് ക്യാമ്പിന്റെ ഭാഗമായി വാറന്റി വ്യവസ്ഥകൾ പരിഗണിക്കാതെ തന്നെ തെരഞ്ഞെടുത്ത ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾ പണിക്കൂലി ഈടാക്കാതെ സൗജന്യമായി റിപ്പയർ ചെയ്ത് നൽകും എന്നാണ് പ്രഖ്യാപനം. കൂടാതെ മറ്റനേകം വാഗ്ദാനങ്ങളുമുണ്ട്.
രാജ്യത്തുടനീളമുള്ള ആയിരം കേന്ദ്രങ്ങളിൽ ആണ് ഷവോമി സമ്മർ സർവീസ് ക്യാമ്പ് നടക്കുക. ജൂൺ 1 മുതൽ 10 വരെയാണ് ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നത്. ഷവോമി, റെഡ്മി ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സമ്മർ ക്യാമ്പിന്റെ ഓഫറുകൾ ലഭ്യമാകുക. പോക്കോ ഫോണുകളെ ക്യാമ്പ് ഓഫറുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഫോണിന് ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് സമ്മർ സർവീസ് ക്യാമ്പ് ഓഫർ പ്രയോജനപ്പെടുത്തി അവ പരിഹരിക്കാൻ അവസരമുണ്ട്. സൗജന്യമായി ഫോൺ ചെക്കപ്പ് നടത്താം എന്നതാണ് സമ്മർ സർവീസ് ക്യാമ്പിന്റെ ഒരു പ്രധാന ഓഫർ. ഫോണിന്റെ നിലവിലെ അവസ്ഥ അറിയാനുംമറ്റും ഉപയോക്താവിന് ഈ അവസരം പ്രയോജനപ്പെടുത്താം.
ലേബർ ചാർജിൽ 100 ശതമാനം കിഴിവ് എന്നതാണ് സമ്മർ സർവീസ് ക്യാമ്പ് ഓഫറിലെ മറ്റൊരു ആകർഷണം. അതായത് ഫോണിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ അത് സൗജന്യമായി പരിഹരിച്ച് നൽകും. എന്നാൽ പാർട്സുകളുടെ ചിലവ് ഫോൺ ഉടമ വഹിക്കേണ്ടിവരും. പണിക്കൂലി വാങ്ങില്ല എന്നത് മാത്രമാണ് സൗജന്യം.
സൗജന്യ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ആണ് ഷവോമി സമ്മർ സർവീസ് ക്യാമ്പിന്റെ മറ്റൊരു ഓഫർ. ഇതു കൂടാതെ ബാറ്ററി റീപ്ലേസ്മെന്റുകൾക്ക് 50 ശതമാനം വരെ ഇളവും ഷവോമി ഈ ക്യാമ്പ് ഓഫറിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകളിൽ ഷവോമി ഫോൺ ഉപയോക്താക്കൾക്ക് ഏറ്റവുമധികം ഉപകാരപ്പെടുക ബാറ്ററി റീപ്ലേസ്മെന്റിന് ലഭിക്കുന്ന ഓഫറാണ്.
എങ്കിലും വിവിധ മോഡലുകൾക്ക് അനുസരിച്ച് ബാറ്ററി റീപ്ലേസ്മെന്റിന് ലഭിക്കുന്ന ഡിസ്കൗണ്ടിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. തെരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുക. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്ററിലൂടെയാണ് സമ്മർ സർവീസ് ക്യാമ്പ് ഓഫർ സംബന്ധിച്ച പ്രഖ്യാപനം ഷവോമി നടത്തിയിരിക്കുന്നത്. ഏതൊക്കെ മോഡലുകൾക്ക് ഓഫർ ലഭിക്കും എന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
ഷവോമി സമ്മർ സർവീസ് ക്യാമ്പിനായി ഉപയോക്താക്കൾ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതില്ല. അംഗീകൃത സെന്റുകളിൽ നേരിട്ടെത്തി ഉപയോക്താക്കൾക്ക് ഓഫറുകൾ പ്രയോജനപ്പെടുത്താം. സർവീസ് ക്യാമ്പ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഷവോമി, റെഡ്മി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഔദ്യോഗിക ഷവോമി വെബ്സൈറ്റ് സന്ദർശിക്കാം ഷവോമി സർവീസ്+ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ഇന്ത്യയിലെ സേവന കേന്ദ്രങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ലഭിക്കും.
തങ്ങളുടെ ഫോണുകൾക്ക് ഈ ഓഫർ ലഭ്യമാകുമോ എന്നറിയാൻ ഷവോമി, റെഡ്മി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് തൊട്ടടുത്തുള്ള അംഗീകൃത സർവീസ് സെന്റർ സന്ദർശിക്കാവുന്നതാണ്. ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലോ ബാറ്ററി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിലോ ഷവോമി സ്മാർട്ട്ഫോൺ ഉടമകൾക്ക് ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്താവുന്നതാണ്.
ചില മോഡലുകളുടെ വാറന്റി ഷവോമി രണ്ട് വർഷമായി നീട്ടിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എംഐ11 അൾട്ര, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10, പോക്കോ എക്സ്3 പ്രോ എന്നിവയ്ക്കാണ് 2 വർഷത്തെ വിപുലീകൃത വാറന്റി സപ്പോർട്ടിന് ലഭ്യമാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് വാറന്റി നീട്ടിയതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല.
ചില മോഡലുകളിൽ സെൽഫി ക്യാമറ പ്രശ്‌നങ്ങളും മദർബോർഡ് തകരാറുകളും കണ്ടെത്തിയതിനെത്തുടർന്നാണ് വാറന്റി നീട്ടിയത് എന്നാണ് വിവരം. റൂട്ട് ചെയ്‌ത ഫോണുകൾ, വെള്ളം കയറി തകരാറിലായ ഫോണുകൾ, അതല്ലെങ്കിൽ തകർന്ന ഫോണുകൾ എന്നിവ വിപുലീകൃത വാറന്റിക്കായി പരിഗണിക്കില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ രണ്ട് പ്രഖ്യാപനങ്ങളും തകരാറുകൾ നേരിടുന്ന ഷവോമി സ്മാർട്ട്ഫോൺ ഉടമകൾക്ക് സഹായകമാകും.