തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
കാസര്‍കോട്: കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ താല്‍കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വീപ്പര്‍ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതിയുമായി രംഗത്ത് വന്നത്. തന്നെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമായിരിന്നു യുവതിയുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി പരാതിയില്‍ ഉറച്ച് നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരിന്നു.
ജോലിക്കിടെ ഓഫീസിനകത്ത് വച്ച് റവന്യൂ റിക്കവറി തഹസില്‍ദാറായ എസ് ശ്രീകണ്ഠന്‍ നായര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞമാസമാണ് യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഓഗസ്റ്റ് പതിനാറിന് രാവിലെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്.