ആലത്തൂര്‍: ഭര്‍ത്താവിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങി മരിച്ചു. ബാങ്ക് റോഡ് പരുവക്കല്‍ ഫയാസിന്റെ ഭാര്യ ജാസ്മിന്‍(26) ആണ് തൂങ്ങിമരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ജാസ്മിന്‍ മര്‍ദനത്തിനിരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സംഭവത്തില്‍ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന ഫയാസിനെ (34) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാസ്മിന്റെ മൃതദേഹം ഫയാസും ബന്ധുക്കളും ചേര്‍ന്നാണ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ബാങ്ക് റോഡിലെ വീട്ടില്‍ മേല്‍ക്കൂരയിലെ ശീലാന്തിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ജാസ്മിന്റെയും ഫയാസിന്റെയും മൂത്ത മകള്‍ നിഫ ഫാത്തിമയുടെ ആറാം ജന്മദിനത്തിലായിരുന്നു സംഭവം. ജാസ്മിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫയാസും ജാസ്മിനും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നെങ്കിലും മകളുടെ ജന്മദിനത്തില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി സഹോദരന്‍ റിയാസ് പോലീസിന് പരാതി നല്‍കിയിരുന്നു. 2013-ലായിരുന്നു ജാസ്മിന്റെയും ഫയാസിന്റെയും വിവാഹം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തരൂര്‍ പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ആലത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.