ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ മുകളില്‍; ഇരുവരും തല്‍ക്ഷണം മരിച്ചു
അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ മുകളില്‍. അഹമ്മദാബാദിലാണ് സംഭവം. താഴേക്ക് ചാടിയ 30 വയസുകാരിയും ഇവര്‍ വീണ 69 വയസുകാരനും തല്‍ക്ഷണം മരിച്ചു. സൂറത്ത് സ്വദേശിയായ മമതാ രതിയും (30), ബാലുഭായ് ഗമിത് (69) എന്നയാളുമാണ് മരിച്ചത്. മമതാ രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.
ചികിത്സര്‍ത്ഥം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഭര്‍ത്താവിനും മകനുമൊപ്പം അഹമ്മദാബാദില്‍ എത്തിയത്. അഹമ്മദാബാദിലെ പരിഷ്‌കാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ സഹോദരന്റെ കുടുംബത്തോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ മമത ചാടുകയായിരുന്നു. ഈ സമയം പ്രഭാത സവാരി കഴിഞ്ഞ മടങ്ങി വരികായിരുന്ന ബാലുഭായ് ഗമിതിന്റെ മുകളിലേക്കാണ് മമത വീണത്. ഇരുവരും തല്‍ക്ഷണം മരിച്ചു.
ഇതേ അപ്പാര്‍ട്ട്മെന്റില്‍ തന്നെ രണ്ടാം നിലയിലെ താമസക്കാരനാണ് മരിച്ച ഗമിത്. പ്രഭാത സവാരി കഴിഞ്ഞ് അപ്പാര്‍ട്ട്മെന്റിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഇയാളുടെ മുകളിലേക്ക് യുവതി വീണത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. ഗമിത് അധ്യാപകനായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.