തിരുവനന്തപുരത്ത് ചാനല്‍ ക്യാമറമാന് വനിതാ പോലീസുകാരിയുടെ മര്‍ദ്ദനവും അസഭ്യവര്‍ഷവും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവി ക്യാമറമാന് നേരെ വനിതാ പോലീസിന്റ കൈയേറ്റവും അസഭ്യവര്‍ഷവും. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവഷിക ദിനാചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
വാഹനം റോഡരികില്‍ നിര്‍ത്തി ക്യാമറ പുറത്തെടുക്കുന്നതിനിടയിലാണ് സംഭവം. വാഹനം ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാണ് വനിതാ കോണ്‍സ്റ്റബിള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ജയ്ഹിന്ദ് ടിവി ക്യാമറാന്‍ ബിബിന്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തുടര്‍ന്ന് മറ്റ് പോലീസുകാര്‍ സ്ഥലത്തെത്തി ഇവരെ ഇവിടെനിന്ന് മാറ്റുകയായിരുന്നു.
വനിതാ കോണ്‍സ്റ്റബിളിന് മാനസിക സമ്മര്‍ദങ്ങളുള്ളതിനാലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്നാണ് മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.