‘സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെ’ വനിത മജിസ്‌ട്രേറ്റിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ കെ.പി ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരേയുള്ള പോലീസ് എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങള്‍. ദേഹോപദ്രവം ഏല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെ.പി ജയചന്ദ്രന്‍ അടക്കമുള്ളവര്‍ തന്നെ തടഞ്ഞുവച്ചു. കെ.പി. ജയചന്ദ്രന്‍ കൈചൂണ്ടി തന്റെ നേര്‍ക്ക് അടുക്കുകയും ഈ ഉത്തരവ് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു. ഇനി ഇവിടെ ഇരുന്നുകൊള്ളണമെന്നും പുറത്ത് ഇറങ്ങിപ്പോകരുതെന്നും പറഞ്ഞതായി നിതാ മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു.
ഈ കോടതി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഭിഭാഷകര്‍ തീരുമാനിക്കും. ഈ കോടതി ഇനി പ്രവര്‍ത്തിക്കില്ലെന്നും കെ.പി. ജയന്ദ്രന്‍ പറഞ്ഞതായി മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ 10 അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജയചന്ദ്രനും മറ്റു ഭാരവാഹികളും അടക്കം കണ്ടാലറിയാവുന്ന 10 അഭിഭാഷകരെ പ്രതികളാക്കി വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. മജിസ്‌ട്രേറ്റ് ദീപ മോഹന്റെ പരാതിയില്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റാണു കേസെടുക്കാന്‍ നിര്‍ദേശിച്ചു പോലീസിനു കൈമാറിയത്.
മജിസ്‌ട്രേറ്റിനെ ചേംബറില്‍ തടഞ്ഞുവച്ചതടക്കമുള്ള പരാതിയില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തത്. ഇതു സംബന്ധിച്ച എഫ്‌ഐആറും പോലീസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിയൂര്‍ കോടതിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, അഭിഭാഷകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ കോടതികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിക്കുമെന്നു ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.