തിരുവനന്തപുരം: സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി വനിതാ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും വാട്‌സ്ആപ്പില്‍ അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുകയും പല നമ്പരുകളില്‍ നിന്ന് ഫോണ്‍ വിളിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. അസിസ്റ്റന്റ് കളക്ടര്‍ പദവിയുള്ള രണ്ട് യുവ ഉദ്യോഗസ്ഥകളടക്കം അഞ്ചു പേരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നും പരാതികളുയര്‍ന്നിട്ടുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളില്‍ നിന്ന് വിളിച്ചതിനെതിരെ അവര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പരാതിപ്പെട്ടിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നല്‍കിയ മറുപടിയും അവര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. രാത്രി 10.32ന് വിളിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ താന്‍ നല്‍കിയെന്നും 12.30ന് മറ്റൊരു നമ്ബരില്‍ നിന്ന് വിളിച്ചെന്നുമാണ് ഈ ഉദ്യോഗസ്ഥയുടെ പരാതി. പത്തരയ്ക്ക് ചോദിച്ച അതേ വിവരങ്ങളാണ് വീണ്ടും ആവശ്യപ്പെട്ടത്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്. ഒരു വീഡിയോ കോണ്‍ഫറന്‍സിനിടെ ഈ ഉദ്യോഗസ്ഥന്‍, പരാതി ഉന്നയിച്ച വനിതാ ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തി. പക്ഷേ, വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കളക്ടര്‍മാര്‍ അടക്കമുള്ളവര്‍ കരുതിയത് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പരുഷമായി പെരുമാറിയതിന് ക്ഷമാപണം നടത്തിയെന്നാണ്.ഇതിനു പിന്നാലെ, രണ്ട് വനിതാ ഐ.എ.എസുകാരെ ഈ ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചും മാപ്പപേക്ഷിച്ചു.
ഐ.എ.എസുകാരികള്‍ ഇത് റെക്കാഡ് ചെയ്ത് ഉന്നതര്‍ക്ക് കൈമാറിയെന്നാണ് വിവരം.വനിതാ ഐ.എ.എസുകാര്‍ പരാതിയുമായെത്തിയതോടെ സംസ്ഥാന സര്‍വീസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാള്‍ക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഐ.എ.എസുകാരുടെ സംഘടനയുടെ നിലപാട്. എന്നാല്‍ ,കേഡര്‍ മാറ്റിയോ മറ്റ് സംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയോ പ്രശ്നം പരിഹരിക്കാന്‍ ശ്രമമുണ്ട്.