പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി തെരഞ്ഞെടുത്ത് വനിത ഐ.എ.എസ് ഓഫീസര്‍; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
റാഞ്ചി: സാധാരണക്കാര്‍ വരെ പ്രസവത്തിന് അത്യാധുനിക സംവിധനങ്ങള്‍ ഉള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തയാകുകയാണ് ജാര്‍ഖണ്ഡിലെ വനിതാ ഐ.എ.എസ് ഓഫീസര്‍. പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞെടുത്താണ് വനിത ഐഎഎസ് ഓഫീസര്‍ കിരണ്‍ കുമാരി പാസി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കൈയ്യടി നേടിയത്. ഗൊഡ്ഡയിലെ സദര്‍ ആശുപത്രിയിലാണ് കിരണ്‍ കുമാരി കുഞ്ഞിനു ജന്മം നല്‍കിയത്.
സ്വകാര്യ ആശുപത്രിയെ സമീപിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കാനുള്ള കിരണിന്റെ തീരുമാനത്തെ പ്രകീര്‍ത്തിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മാതൃകാ പരമായ തീരുമാനമെടുത്ത കിരണിന്റെയും കുഞ്ഞിന്റെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സിവില്‍ സര്‍ജന്‍ എസ്പി മിശ്ര പറഞ്ഞു.
‘നമുക്കിത് അഭിമാനിക്കാവുന്ന നിമിഷമാണ്. പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞെടുക്കാനുള്ള കിരണിന്റെ നീക്കം പ്രശംസനീയമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് കിരണിന്റെ നീക്കം.’എസ്.പി. മിശ്ര പറഞ്ഞു. നിരവധി പേരാണ് കിരണിനെ അഭിനന്ദിച്ചു കൊണ്ട് ആശുപത്രിയിലെത്തിയത്.