മകളെ കൂട്ടമാനഭംഗം ചെയ്ത പ്രതികളുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു
കാണ്‍പുര്‍: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ ആക്രമണത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. നാല്‍പ്പതുകാരിയായ സ്ത്രീയാണു മരിച്ചത്. 2018ലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ആബിദ്, മിന്റു, മെഹബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ അടുത്തിടെ ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും മാതാവിനെയും ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് അക്രമിസംഘം വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം വീട്ടിലെത്തിയത്.
വിസമ്മതിച്ചപ്പോള്‍ കുടുംബത്തെ സംഘം മര്‍ദിച്ചു. ഇതേതുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അമ്മ കഴിഞ്ഞ ദിവസം മരിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചുവന്ന കുര്‍ത്ത ധരിച്ച സ്ത്രീയെ നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.