ഭര്‍ത്താവ് കുളിക്കില്ല, ദുര്‍ഗന്ധം സഹിക്കാനാകാതെ വിവാഹമോചനം തേടി യുവതി വനിതാ കമ്മീഷനില്‍
പട്ന: കുളിക്കാത്തതിനെ തുടര്‍ന്ന് ദുര്‍ഗന്ധം മൂലം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി വനിതാ കമ്മീഷനില്‍. ബീഹാറിലെ പാട്നയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നില്ലെന്നാണ് യുവതിയുടെ ആരോപണം. പരാതിയെത്തുര്‍ന്ന് വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കി. ഭര്‍ത്താവ് ആചാര്യമര്യാദകള്‍ പാലിക്കുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
കുളിക്കാത്തത് കാരണം ദുര്‍ഗന്ധ വമിക്കുന്നതിനാല്‍ കൂടെ കഴിയാന്‍ പറ്റില്ലെന്നും യുവതി ആരോപിക്കുന്നു. 10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
2017ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും ഇയാള്‍ക്ക് അറിയില്ല. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ യുവതിയോടൊത്ത് ജീവിക്കാനാണ് താല്‍പര്യമെന്ന് ഭര്‍ത്താവ് വനിതാ കമ്മീഷനില്‍ പറഞ്ഞു.