‘ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്, വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല’ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോചനീയാവസ്ഥ വിവരിച്ച് യുവതിയുടെ ഓഡിയോ
പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശോചനീയാവസ്ഥ വിവരിച്ചുകൊണ്ടുള്ള യുവതിയുടെ ഓഡിയോ സന്ദേശം വൈറലാകുന്നു. കോവിഡ് വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയവെയാണ് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വാര്‍ഡിലെ ദുരിതമാണ് യുവതി വിവരിച്ചിരിക്കുന്നത്.
യുവതിയുടെ ശബ്ദ സന്ദേശത്തില്‍ നിന്ന്:
‘ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്. വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല. പരിശോധനയ്ക്കു മൂത്രം എടുത്തു കൊടുക്കേണ്ടതിനാല്‍ കയറി എന്നേയുള്ളു. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ ഷീറ്റ് ഇല്ല, തലയണ ഇല്ല. മൊത്തം അഴുക്കായി കിടക്കുകയാണ്. രാവിലെ, ഫുഡ് കഴിക്കാത്തതിനാല്‍, ശരീരം വിറയ്ക്കുകയാണ്. ഇത്തിരി ചൂടുവെള്ളം തരണമെന്ന് സിസ്റ്ററോട് പറഞ്ഞു. പിന്നെ ആരെയും ആ ഭാഗത്തേക്കു കണ്ടില്ല.
വീട്ടില്‍ വിളിച്ചു പറഞ്ഞു. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പിഎച്ച്സിയിലെ ഡോക്ടറുമായി വീട്ടുകാര്‍ ബന്ധപ്പെട്ടു. ആ ഡോക്ടര്‍ വിളിച്ചു പറഞ്ഞതിനു ശേഷം ചൂടുവെള്ളം തന്നു. സംസാരിക്കാ!ന്‍ വയ്യ. എന്നിട്ടും പറയാതിരിക്കാന്‍ വയ്യാത്തതു കൊണ്ടു പറഞ്ഞുപോവുകയാണ്. കൂടെ റൂമില്‍ ഒരു ചേച്ചിയുണ്ട്. രാത്രിയില്‍ അവര്‍ വലിയ വായില്‍ കരയുന്നു. തണുത്തിട്ട് വയ്യ, ഒരു ബെഡ് ഷീറ്റ് കൊണ്ടു തരാന്‍ എന്നു പറഞ്ഞായിരുന്നു അത്.
ആരും തിരിഞ്ഞു നോക്കിയില്ലെന്ന് രാവിലെ അവര്‍ പറഞ്ഞു. തലയ്ക്കകത്ത് എന്തൊക്കെയോ വരുന്നു എന്നു പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഇന്‍ജക്ഷന്‍ ചെയ്തു. എട്ടു മണിയാകുമ്‌ബോള്‍ ഫുഡ് വരുമെന്ന് സിസ്റ്റര്‍ പറഞ്ഞു. ഇവിടെ ഒരു പാത്രവും ഗ്ലാസും കിടന്നു. ഒരു സ്റ്റാഫ് ആണെന്നു തോന്നുന്നു, അവിടെ തന്നെ നിന്നു കഴുകിയിട്ട് അതില്‍ ഇഡ്ഡലി വച്ചു.
സിസ്റ്ററോടു ചോദിച്ചു പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും ഇവിടെ തന്നെയാണോ കിടത്തുന്നതെന്ന്. പോസിറ്റീവ് ആണെങ്കില്‍ മാറ്റും. ഒബ്സര്‍വേഷന്‍ ആയതുകൊണ്ടാണ് ഇങ്ങനെ ഇട്ടേക്കുന്നതെന്ന്. ബെഡ് ഷീറ്റ് പോലും ഇല്ലാത്തതെന്താണ് എന്നു ഞാന്‍ ചോദിച്ചപ്പോള്‍ സിസ്റ്റര്‍ പറയുകയാ, ഇതു ഗവണ്‍മെന്റ് സെക്ടര്‍ അല്ലേ. പ്രൈവറ്റ് ഹോസ്പിറ്റലിന്റെ സൗകര്യം ഇവിടെ കാണില്ലെന്ന്. ഇതിനൊക്കെ എന്തു മറുപടി പറയാനാണ് ? കഴിക്കാന്‍ ഇഡ്ഡലി കൊണ്ടു വച്ചിരിക്കുന്നു. ആ പാത്രത്തിന്റെ അകം കണ്ടാല്‍… അതു പറഞ്ഞറിയിക്കാന്‍ പറ്റത്തില്ല.’