മേലധികാരിയുടെ പീഡനം; ഫോണ്‍ ഹാക്ക് ചെയ്തു; 19 കാരിയായ പട്ടാളക്കാരി ജീവനൊടുക്കി
![](https://breakingkerala.com/wp-content/uploads/2025/02/1007864-unid.jpg)
ലണ്ടന്‍: സൈക്കോയും, തന്റെ മേല്‍ പൂര്‍ണ്ണ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയുമായ മേലുദ്യോഗസ്ഥന്‍ ഫോണ്‍ ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് പത്തൊന്‍പത്കാരിയായ പട്ടാളക്കാരി ആത്മഹത്യ ചെയ്തതായി ഇന്‍ക്വെസ്റ്റില്‍ വെളിപ്പെടുത്തി. 2021 ഡിസംബറിലായിരുന്നു റോയല്‍ ആര്‍ട്ടിലറിയിലെ ഗണ്ണര്‍ ആയ ജെയ്സ്ലി ബെക്ക് എന്ന 19 കാരിയെ വില്‍റ്റ്ഷയറിലെ ലാര്‍ക്ക്ഹില്‍ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ആര്‍മി സര്‍വീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് 2023 ല്‍ പുറത്തു വന്നിരുന്നു. ഒട്ടും സ്വീകാര്യമല്ലാത്ത, ദീര്‍ഘകാലമായി തുടര്‍ന്ന് വന്ന പെരുമാറ്റമാണ് മരണത്തിന്റെ കാരണങ്ങളിലൊന്ന് എന്ന് അതില്‍ പറഞ്ഞിരുന്നു.
മേസണ്‍ എന്ന മേലുദ്യോഗസ്ഥന്റെ ശല്യംവര്‍ദ്ധിച്ചു വന്നതോടെ സുരക്ഷിതയല്ലെന്ന തോന്നല്‍ തന്റെ മകളില്‍ വളര്‍ന്ന് വന്നതായി ബെക്കിന്റെ അമ്മ സെല്‍സ്ബറിയില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. 2021 നവംബറില്‍ അയച്ച 3600 ഓളം ടെക്സ്റ്റ് ദന്ദേശങ്ങളിലൂടെ ഈ ഉദ്യോഗസ്ഥന്‍ അയാള്‍ക്ക് ബെക്കിനോടുള്ള പ്രണയം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. തൊഴില്‍ സംബന്ധമായ യാത്രകള്‍ ആവശ്യമായി വരുമ്പോള്‍, തന്നോടൊപ്പമല്ലാതെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബെക്ക് പോകുന്നത് അയാള്‍ കഴിവതും ഒഴിവാക്കുമായിരുന്നു എന്നും ബെക്കിന്റെ അമ്മ വെളിപ്പെടുത്തി.
തന്റെ ഫോണ്‍ അയാള്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നു എന്ന് ഒരിക്കല്‍ ബെക്ക് പറഞ്ഞിരുന്നെന്നും അമ്മ പറഞ്ഞു. താന്‍ ഏത് സമയത്തും എവിടെയാണ് ഉള്ളതെന്ന് അയാള്‍ക്ക് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു. ഔദ്യോഗിക യാത്രയ്ക്കിടയില്‍, ന്യൂബറിയിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഡിസംബര്‍ 7 ന് തന്റെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നെന്ന് പറഞ്ഞ അമ്മ അവര്‍ അന്ന് ഏറെ കരഞ്ഞതായും പറഞ്ഞു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭീതിയായിരുന്നു മകള്‍ക്കെന്നും അവര്‍ പറഞ്ഞു.