തിരുവനന്തപുരം: കരമനയിലെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ജയമാധവന്‍ നായര്‍ മരിക്കുന്നതിന് മുമ്പ് എഴുതിയതെന്ന് പറയപ്പെടുന്ന വില്‍പ്പത്രം പുറത്ത്. എല്ലാ സ്വത്തുക്കളും കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ പേരിലേക്ക് മാറ്റം ചെയ്തതായാണ് വില്‍പ്പത്രത്തില്‍ പറയുന്നത്. ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ജയമാധവന്റെ ചികില്‍സാ രേഖകള്‍ നശിപ്പിച്ച ശേഷം രവീന്ദ്രന്‍ നായരടക്കമുള്ള സംഘം വ്യാജമായി ഉണ്ടാക്കിയതാണ് വില്‍പ്പത്രമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
2016 ഫെബ്രുവരി 15 നാണ് വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നത്. 2017ലാണ് ജയമാധവന്‍ മരിക്കുന്നത്. അവിവാഹിതനായ താന്‍ മാനസികമായി ക്ഷീണിച്ചു വരികയാണെന്നും സ്വത്തുക്കള്‍ തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രവീന്ദ്രന്‍ നായര്‍ക്കാണെന്നും ജയമാധവന്‍ നായര്‍ വില്‍പത്രത്തില്‍ പറയുന്നു.
കുടുംബ വീടായ ഉമാമന്ദിരം സ്ഥിതി ചെയ്യുന്ന 80 സെന്റ് സ്ഥലത്തില്‍ 33.5 സെന്റും മണക്കാട് വില്ലേജില്‍ 33 സെന്റ് സ്ഥലവും, ഇത് കൂടാതെ 36 സെന്റ് സ്ഥലവുമാണ് രവീന്ദ്രന്‍ നായര്‍ക്ക് എഴുതി നല്‍കിയിരിക്കുന്നത്.
പോക്കുവരവ് ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും രവീന്ദ്രന്‍ നായര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. മരണശേഷം വില്‍പ്പത്രത്തില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ വസ്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അതും രവീന്ദ്രന്‍ നായര്‍ക്കാണെന്നും വില്‍പത്രത്തില്‍ പറയുന്നു. മരണാനന്തര ക്രിയകള്‍ ചെയ്യേണ്ടത് രവീന്ദ്രന്‍ നായരാണെന്നും വില്‍പ്പത്രത്തില്‍ പറയുന്നുണ്ട്. കാലശേഷം മാത്രം വില്‍പ്പത്രത്തിന് നിയമസാധുത എന്ന വ്യവസ്ഥയിലാണ് വില്‍പത്രം തയ്യാറാക്കിയിരിക്കുന്നത്. വില്‍പ്പത്രത്തില്‍ സാക്ഷിയായി ഒപ്പു വച്ചിരിക്കുന്നത് വീട്ടുജോലിക്കു വന്ന ലീല എന്ന സ്ത്രീയാണ്.