ന്യൂഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്‍റീന. നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡൽഹിയിലെ അർജന്‍റീന
എംബസി കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ വ്യക്തമാക്കി. ലോകകപ്പിൽ അർജന്‍റീനയെ പിന്തുണച്ച മലയാളികൾക്ക് നന്ദി പറയുന്നതിനായി കേരള ഹൗസിൽ എത്തിയതായിരുന്നു അദ്ദേഹം.
വൈകാതെ തന്നെ ഇന്ത്യയിലെ അർജന്‍റീനയുടെ സ്ഥാനപതി കേരളം സന്ദർശിക്കും. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസിലെ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ മലയാളി ഫുട്ബോൾ ആരാധകരുടെ ദൃശ്യങ്ങളുടെ പ്രദർശനവും നടത്തി. കേരളത്തിന്റെ കാൽപന്തു കളിയോടുള്ള അടങ്ങാത്ത ആവേശം ലോകകപ്പ് സമയത്ത് ലോകമാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരളം തന്നെയായിരുന്നു ലോകകപ്പ് ഏറ്റെടുത്തവരില്‍ ഒന്നാമത്. അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍.
കൂറ്റന്‍ കട്ടൗട്ടുകളും തോരണങ്ങള്‍ തൂക്കിയും ആരാധകര്‍ ടീമിനെ പിന്തുണച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടമുറപ്പിച്ചപ്പോള്‍ അടുത്തകാലത്തെങ്ങും കാണാത്ത ആഘോഷങ്ങളിലേക്കാണ് ആരാധകര്‍ പോയത്. അതുകൊണ്ടുതന്നെ കേരളത്തിന് നന്ദി പറയാനും അര്‍ജന്റീന ടീം മറന്നില്ല.
ട്വിറ്ററിലാണ് സെലക്ഷന്‍ അര്‍ജന്റീന കേരളത്തിനൊപ്പം ഇന്ത്യക്കും തങ്ങളുടെ നന്ദി അറിയിച്ചത്. കേരളത്തെ പ്രത്യേകം എഴുതിചേര്‍ത്തിട്ടുണ്ട്. കൂടെ ബംഗ്ലാദേശിനെ ഒരു ഇമോജിയുടെ മെന്‍ഷന്‍ ചെയ്തിരിക്കുന്നു. പാകിസ്ഥാനേയും വിട്ടുപോയിരുന്നില്ല. ഒരു നന്ദി കൊണ്ട് കേരളത്തോടുള്ള അർജന്റീനയുടെ സ്നേഹം അവസാനിക്കുന്നില്ലെന്നാണ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറിന്റെ സന്ദർശനം വ്യക്തമാക്കുന്നത്.
നേരത്തെ, കേരളത്തിലെ ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീലിയൻ സൂപ്പർ താരം നെയ്മറും എത്തിയിരുന്നു. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്.