![](https://breakingkerala.com/wp-content/uploads/2025/02/fotojet-2025-02-11t053427.290_1200x630xt-780x470.jpg)
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനൽകി.
ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.
സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്നും കളക്ടര്‍ ഉറപ്പുനൽകി. തുടര്‍ന്ന് നാട്ടുകാര്‍ തത്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു. സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.അതേസമയം, സംഭവത്തിൽ തുടർ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. വനംമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും കാട്ടാന ശല്യം പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട സോഫിയയുടെ ഭർത്താവ് ആരോപിച്ചു.
കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.
ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.