അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു
ബംഗളൂരു: അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തില്‍ 23കാരിയായ കര്‍ണാടക യശ്വന്ത്പുര്‍ സ്വദേശി പത്മയാണ് അറസ്റ്റിലായത്. മുഖത്തും കൈക്കുമടക്കം ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മഞ്ജുനാഥ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു മഞ്ജുനാഥിന്റെയും പത്മയുടെയും വിവാഹം. സ്വകാര്യ കമ്പനി ജീവനക്കാരനായ മഞ്ജുനാഥ് ഇടക്ക് സംഗീതപരിപാടികള്‍ക്കും പോകുമായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് ഭാര്യയുടെ ആരോപണം. പലപ്പോഴും ഇക്കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. അടുത്ത ദിവസം രാവിലെയാണ് പത്മ മഞ്ജുനാഥിനെ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്നു മഞ്ജുനാഥിന്റെ ശരീരത്തിലേക്ക് തിളപ്പിച്ച എണ്ണ ഒഴിക്കുകയായിരുന്നു.
എണ്ണ ഒഴിച്ചശേഷം പത്മ മകനെയും കൊണ്ട് വീട്ടില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഇവരുടെ മകള്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പൊള്ളലേറ്റ് അലറിവിളിച്ച മഞ്ജുനാഥിനെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തും തോളിനും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. പോലീസ് അറസ്റ്റ് ചെയ്ത പത്മ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.