ന്യൂഡൽഹി: ഐ.പി.എല്‍. താരലേലത്തില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായ വൈഭവ് സൂര്യവംശിയായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. ഇതോടെ വാര്‍ത്തകളിലും സാമൂഹികമാധ്യമങ്ങളിലും വൈഭവായി ചർച്ച. ഇപ്പോഴിതാ, എന്തുകൊണ്ടാണ് രാജസ്ഥാൻ മാനേജ്മെന്റ് യുവതാരത്തെ നോട്ടമിട്ടതെന്ന് വ്യക്തമാക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ.
അണ്ടര്‍-19 ടെസ്റ്റ് മാച്ചിൽ ഓസ്ട്രേലിയക്കെതിരേ 58 പന്തിൽ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാൻ മാനേജ്‌മെൻ്റിന് നോട്ടമുണ്ടായിരുന്നു എന്നാണ് സഞ്ജു പറയുന്നത്. ‘ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരായ സൂര്യവംശിയുടെ ബാറ്റിങ് രാജസ്ഥാൻ ടീമിന്റെ തീരുമാനങ്ങളെടുക്കുന്ന മാനേജ്മെന്റിലെ പ്രധാനപ്പെട്ട ആളുകളെല്ലാം കണ്ടിരുന്നു. അന്ന് അവൻ കളിച്ച ഷോട്ടുകൾ ശ്രദ്ധിച്ചിരുന്നു. ഇത്തരം ആളുകളെ ഒപ്പം നിർത്തി അവർ ഏത് രീതിയിൽ മുന്നോട്ട് പോകുമെന്ന് കാണണമെന്ന് ഞങ്ങൾക്ക് തോന്നി’, എ.ബി. ഡിവില്ലിയേഴ്‌സ് അവതരിപ്പിക്കുന്ന 360 ഷോയോട് സംസാരിക്കവെ സഞ്ജു പറഞ്ഞു.
യുവതാരങ്ങളെ കണ്ടെത്തി സൂപ്പർതാരങ്ങളാക്കുന്ന ചരിത്രമാണ് രാജസ്ഥാൻ റോയൽസിന്റേതെന്ന് യശശ്വി ജയ്സ്വാളിനേയും റിയാൻ പരാഗിനേയും ചൂണ്ടിക്കാട്ടി സഞ്ജു പറഞ്ഞു. ‘രാജസ്ഥാൻ റോയൽസിന് ഇതേ കാര്യം മുമ്പും ചെയ്ത ചരിത്രമുണ്ട്. അവർ പ്രതിഭകളെ കണ്ടെത്തി ചാമ്പ്യൻമാരാക്കുന്നു. ചെറുപ്പത്തിൽ രാജസ്ഥാനിലെത്തിയ ജയ്സ്വാൾ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ റോക്സ്റ്റാർ ആണ്. രാജസ്ഥാൻ റോയൽസ് അത്തരത്തിലുള്ള കാര്യങ്ങളെ ഇഷ്ടപ്പെടുന്നുവെന്നാണ് കരുതുന്നത്. ഞങ്ങൾക്ക് ഐ.പി.എൽ വിജയിക്കണം. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിന് മതിയായ ചാമ്പ്യന്മാരെ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു’, സഞ്ജു കൂട്ടിച്ചേർത്തു.