
മുംബൈ: ഗംഗാനദിയിലെ മാലിന്യപ്രശ്‌നം ഉന്നയിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. പാര്‍ട്ടിയുടെ 19ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലെ മറ്റൊരു നേതാവായ ബാല നന്ദഗോവന്‍കര്‍ മഹാകുംഭമേളയ്ക്ക് പോയി വന്നപ്പോള്‍ തനിക്കായി ഗംഗാജലം കൊണ്ടുവന്നെന്നും അത് കുടിക്കാന്‍ താന്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കലും ഗംഗയില്‍ സ്‌നാനം ചെയ്യില്ലെന്നും അന്ധവിശ്വാസത്തില്‍ നിന്നും പുറത്ത് വന്ന് സ്വന്തം ബുദ്ധി ഉപയോഗിക്കാനും അദ്ദേഹം അണികളോട് പറഞ്ഞു. ആ ഗംഗയില്‍ ആര് പോയി പുണ്യസ്‌നാനം ചെയ്യും? അദ്ദേഹം ചോദിക്കുന്നു.
‘വിശ്വാസത്തിനും ചില അര്‍ത്ഥങ്ങളുണ്ടായിരിക്കണം. ഇന്ത്യയിലെ ഒരു നദിയും മാലിന്യമുക്തമല്ല. വിദേശരാജ്യങ്ങളില്‍ നദികളെ മാതാവെന്ന് വിളിക്കാറില്ല. അവയൊന്നും മലിനവുമല്ല’- താക്കറെ പറയുന്നു.രാജിവ് ഗാന്ധിയുടെ കാലം മുതല്‍ ഗംഗാ നദി മാലിന്യ മുക്തമാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഇന്ന് വരെ നടന്നില്ലെന്ന് അദ്ദേഹം പറയുന്നു.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ഗംഗാനദിയില്‍ പലയിടത്തും കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ടിനെതിരെ യോഗി രംഗത്തെത്തിയിരുന്നു. സനാതന ധര്‍മ്മത്തിനും ഗംഗാ മാതാവിനും ഇന്ത്യയ്ക്കും കുംഭമേളയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുംഭമേളയില്‍ പുണ്യസ്നാനം നടത്തിയ കോടിക്കണക്കിന് പേരുടെ വിശ്വാസം വെച്ച് കളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്നാനത്തിന് മാത്രമല്ല, കുടിക്കാന്‍ പോലും കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.