26 C
Kottayam
Monday, May 13, 2024

ആരോഗ്യമുള്ള യുവാക്കള്‍ക്ക് 2022 വരെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടന

Must read

ന്യൂഡല്‍ഹി: ആരോഗ്യമുള്ള യുവാക്കള്‍ക്ക് കൊവിഡ് വാക്സിന്‍ 2022വരെയും ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന. ബുധനാഴ്ച നടന്ന സോഷ്യല്‍ മീഡിയ ഇവന്റില്‍ ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.

വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമായിരിക്കും പൊതു ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം പരിഗണിക്കുകയെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ‘ആര്‍ക്കാണ് ആദ്യം വാക്സിന്‍ ലഭ്യമാക്കേണ്ടതെന്ന കാര്യത്തില്‍ കൃത്യമായി നിരീക്ഷണം നടക്കേണ്ടതുണ്ട്. ആരോഗ്യമുള്ള യുവാക്കള്‍ക്ക് വാക്സിനുവേണ്ടി 2022 വരെ കാത്തിരിക്കേണ്ടി വരും’, സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കൊറോണ വൈറസിനെതിരെ ആര്‍ജിത പ്രതിരോധശേഷി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനാണ് നോക്കുന്നതെന്നും നേരത്തേ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞാലേ വ്യാപനം തടയാന്‍ കഴിയുകയുള്ളൂവെന്ന കാര്യവും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ കൊവിഡ് വാക്‌സിനും റഷ്യ അനുമതി നല്‍കി. റഷ്യ അംഗീകരിച്ച ആദ്യ വാക്‌സിനായ സ്പുട്‌നിക് ്യ്ക്ക് പുറമെയാണിത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ വാക്‌സിനിന്‍ വികസിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തി കഴിഞ്ഞ ആദ്യ വാക്‌സിന്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. രണ്ട് വാക്സിനുകളും നിര്‍മാണം വര്‍ധിപ്പിക്കണമെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുകയും അവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും പുടിന്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു റഷ്യ പുതിയ വാക്‌സിന് അംഗീകാരം നല്‍കിയത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനായിരുന്നു റഷ്യയുടെ സ്പുട്‌നിക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week