KeralaNews

ബന്ധുക്കളെയും കൂട്ടുകാരെയും വിശ്വാസമില്ല, 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പോലീസ് സ്റ്റേഷനില്‍

തച്ചനാട്ടുകര: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പോലീസ് സ്റ്റേഷനില്‍. പശ്ചിമ ബംഗാള്‍ ഹരിശ്ചന്ദ്ര പുരം സ്വദേശി ഇമാം ഹുസൈനാണ് സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകല്‍ പോലീസിന്റെ സഹായം തേടിയത്.

കൂടെയുള്ളവരിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെട്ട ഇമാം ഒടുവില്‍ നൂറില്‍ വിളിച്ച് പോലീസ് സഹായം തേടുകയായിരുന്നു. സിഐ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഇമാം ഹുസൈനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

കഴിഞ്ഞ 22ന് കോട്ടപ്പള്ളയിലെ ഏജന്‍സിയില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് അവധിയായതാണ് യുവാവിനെ പ്രതിസന്ധിയിലാക്കിയത്.
സഹായ ഹസ്തവുമായി പോലീസ് എത്തുമ്പോള്‍ കൂട്ടുകാരില്‍ നിന്ന് വിട്ടുമാറി കടവരാന്തയില്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഇമാം ഹുസൈന് ഭക്ഷണവും രാത്രി കിടക്കാന്‍ സൗകര്യവും പോലീസ് ശരിയാക്കി നല്‍കി.

ശനിയാഴ്ച അലനല്ലൂര്‍ സഹകരണ ബാങ്ക് അധികൃതര്‍ സ്റ്റേഷനിലെത്തി ലോട്ടറി കൈപ്പറ്റിയതോടെയാണ് യുവാവിന് ശ്വാസം നേരെ വീണത്. ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് നല്ലൊരു വീട് നിര്‍മ്മിക്കണം എന്നതാണ് ഇമാമിന്റെ ആഗ്രഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button