പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം : ഭീഷണിയുമായി ബി.ജെ.പി
കോല്‍ക്കത്ത : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ അക്രമങ്ങള്‍ പശ്ചിമ ബംഗാളില്‍ തുടര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യേണ്ടിവരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രീണന നയമാണ് ബംഗാളിലെ സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ ബിജെപിക്ക് താത്പര്യമില്ല. അക്രമം തുടര്‍ന്നാല്‍ മറ്റൊരു മാര്‍ഗമില്ലെന്നും സിന്‍ഹ പറഞ്ഞു.
ബംഗ്ലാദേശില്‍നിന്നുള്ള മുസ്ലിം നുഴഞ്ഞു കയറ്റക്കാരാണ് ഇവയ്ക്കെല്ലാം പിന്നില്‍. അക്രമം നടത്തരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവന പതിവ് പല്ലവിയാണെന്നും സിന്‍ഹ ആരോപിച്ചു.
ഇതിനിടെ ബംഗാളിലെ സംഘര്‍ഷത്തെത്തുടർന്ന് ഹൗറ–എറണാകുളം എക്സ്പ്രസ് റദ്ദാക്കി. തിരുവനന്തപുരം–ഹൗറ എക്സ്പ്രസ് എറണാകുളം വരെ മാത്രമായിരിക്കും ഓടുക. പതിനേഴിനുള്ള എറണാകുളം–ഹൗറ എക്സ്പ്രസും റദ്ദാക്കി. നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അമേരിക്ക, ബ്രിട്ടണ്‍, ഇസ്രയേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി.
പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാര്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ കത്തിച്ചു. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ മുതല്‍ യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ അസമിലെ ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധിക്കാനും പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ബിഹാറില്‍ ഡിസംബര്‍ 21ന് ആര്‍ജെഡി ബന്ദ് പ്രഖ്യാപിച്ചു.