FeaturedKeralaNews

കൊവിഡ് നിയന്ത്രണങ്ങളില്‍ അയവില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവുവരുത്തില്ല. വാരാന്ത്യ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

ബക്രീദുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി അതേപടി തുടരാനാണ് തീരുമാനം.

ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി തുടരും. നാല് സ്ലാബ് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഏതെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ഏത് സ്ലാബുകളില്‍ വരുമെന്നത് ബുധനാഴ്ച പ്രഖ്യാപിക്കും.

വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എത്തിയിരുന്നു. അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും.

സംസ്ഥാനത്ത് 16,848 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര്‍ 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര്‍ 780, കാസര്‍ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button