വധുവിന്റെ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം; ഒടുവില്‍ വിവാഹം മുടങ്ങി!
ഹസാന്‍: വധുവിന്റെ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് വധു ഉടുത്ത സാരി വിലകുറഞ്ഞതാണെന്നും മെറ്റീരിയല്‍ അത്ര നല്ലതല്ലെന്നും പറഞ്ഞ് വരന്റെ അമ്മ രംഗത്തെത്തിയത്. ഉടന്‍ തന്നെ ചടങ്ങുകള്‍ നിര്‍ത്തി വയ്ക്കാനും സാരി മാറ്റാനും വരന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ വരനും സംഘവും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പിന്നീട് രഘുകുമാറിനും കുടുംബത്തിനുമെതിരെ വധുവിന്റെ കുടുംബം പരാതി നല്‍കുകി. തുടര്‍ന്ന് വരന്‍ രഘുകുമാറിനെതിരെയും മാതാപിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു. ഒരു വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ഇരുവീട്ടുകാരും ഇടപെട്ട് ഒരു വര്‍ഷം മുമ്പാണ് നിശ്ചയിച്ചത്. സംഭവത്തെ തുടര്‍ന്ന് വരന്‍ രഘുകുമാര്‍ നാടുവിട്ടതായി പോലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.