കാലവര്‍ഷം കലിതുള്ളുന്നു; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് വയനാട് ജില്ലയില്‍
വയനാട്: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വയനാട് ജില്ലയില്‍. നാലു ദിവസമായി ഇടതടവില്ലാതെ പെയ്ത പെരുമഴയില്‍ വയാനാട്ടില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും കനത്ത നാശനഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇന്നലെ ദമ്പതികള്‍ മരിച്ചു. മുട്ടില്‍ കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതി (19) എന്നിവരാണു മരിച്ചത്. വെള്ളം കയറി വീട്ടില്‍നിന്നു ദുരിതാശ്വാസ ക്യാംപിലേക്കു മാറുന്നതിനിടെ മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു (24) കുഴഞ്ഞുവീണു മരിച്ചു.
മേപ്പാടി പുത്തുമലയില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെ ഉണ്ടായ വന്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു പ്രദേശം ഒന്നാകെ ഒലിച്ചുപോയി. കോറോം, കുറുമ്പാലക്കോട്ട എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്ന് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ 204.3 മില്ലീമീറ്റര്‍ മഴയാണു വയനാട്ടില്‍ പെയ്തത്. ഇന്നും 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. പ്രളയക്കെടുതിയില്‍ വയനാട്ടില്‍ 2538 കുടുംബങ്ങളിലെ8860 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആകെ 96 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മാനന്തവാടി താലൂക്കില്‍ 33, വൈത്തിരി താലൂക്കില്‍ 26, ബത്തേരി താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 60 പേരടങ്ങുന്ന എന്‍ഡിആര്‍എഫും ഡിഫന്‍സ് സെക്യൂരിറ്റി കോറും വയനാട്ടിലെത്തിയിട്ടുണ്ട്.