മുംബയ്: ജയിൽ നിന്ന് പുറത്തിറങ്ങിയ ഗുണ്ടാത്തലവന് വൻ സ്വീകരണം ഒരുക്കി അനുയായികൾ. പിന്നാലെ വീണ്ടും ഗുണ്ടാത്തലവനെ ജയിലിലടച്ച് പൊലീസ്. ജയിൽ മോചിതനായതിന് ശേഷം അനുയായികൾ ആഘോഷ റാലിയോടെയാണ് വരവേറ്റത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് ഗുണ്ടാത്തലവനെ വീണ്ടും ജയിലിലടച്ചത്.
മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഹർഷാദ് പടങ്കറിനെയാണ് ജയിലിലടച്ചത്. ജൂലായ് 23നായിരുന്നു ഹർഷാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ അനുയായികൾ വാഹന റാലി നടത്തി ആഘോഷമായാണ് ഹർഷാദിനെ സ്വീകരിച്ചത്. ബഥേൽ നഗർ മുതൽ അംബേദ്കർ ചൗക്ക് വരെ നടത്തിയ റാലിയിൽ പതിനഞ്ചോളം ഇരുചക്രവാഹനങ്ങളും കാറും പങ്കെടുത്തിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയൽ വെെറലായിരുന്നു. കാറിന്റെ സൺറൂഫിൽ നിന്ന് ഹർഷാദ് കെെവീശുന്നതും വീഡിയോയിൽ കാണാം. ‘തിരിച്ചുവരവ്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ അനുയായികൾ റാലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പിന്നാലെ പൊലീസ് സംഭവത്തിൽ നടപടിയെടുത്തു.
അനധികൃത റാലി നടത്തിയതിനും കുഴപ്പങ്ങൾ ഉണ്ടാക്കിയതിനുമാണ് കേസെടുത്ത് ഹർഷാദിനെയും ആറ് സഹായികളെയും അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, മോഷണം, അക്രമം തുടങ്ങിയ നിരവധി പൊലീസ് കേസുകളിൽ പ്രതിക്കെതിരെ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.