ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടി സംബന്ധിച്ച അന്വേഷണം സിനിമ-സീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡല്‍ നിരവധിപ്പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നിശാപാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്നാണ് കണ്ടെത്തല്‍. പിടിച്ചെടുത്തത് ഏഴ് തരം ലഹരിമരുന്നുകളാണ്. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് എത്തിച്ചുനല്‍കിയതെന്നാണ് വിവരം.
കൊച്ചി വഴിയാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന. സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പോലീസും അന്വേഷണം നടത്തും.
വാഗമണിൽ നിശാവിരുന്ന് നടന്ന റിസോർട്ടിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവും പരിശോധന നടത്തി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാണു എക്സൈസ് ഇന്റലിജൻസിന്റെ നീക്കം.നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ ബന്ധങ്ങളും മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിലൂടെ കൂടുതൽ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.
ഡോക്ടർമാർ, എൻജിനീയർമാർ, മാനേജ്മെന്റ് വിദഗ്ധർ, ഫാഷൻ ഡിസൈനർമാർ എന്നിവരാണു നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയ മറ്റുള്ളവർ. നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയ 49 പേരെയും രക്ഷിതാക്കളെ വിളിച്ചറിയിച്ച ശേഷമാണു വിട്ടയച്ചത്.
കണ്ടെടുത്ത ലഹരിമരുന്നുകളുടെ അളവ് ഇങ്ങനെയാണ്
എക്സ്റ്റസി പിൽസ്– 45.81ഗ്രാം
എക്സ്റ്റസി പൗഡർ– 13.46 ഗ്രാം
എൽഎസ്ഡി സ്റ്റാംപ്– 52 മില്ലിഗ്രാം( 27 സ്റ്റാംപുകൾ)
ഹാഷിഷ്– 4.98 ഗ്രാം
ചരസ്സ്– 1.10 ഗ്രാം
എംഡിഎംഎ– 61.28
കഞ്ചാവ്– 14.25 ഗ്രാം