KeralaNews

പണം നൽകുന്നില്ല, സൊസൈറ്റി പ്രസിഡന്റിനെതിരെ നിക്ഷേപകർ; VS ശിവകുമാറിന്റെ വീടിനുമുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തുള്ള വീടിനുമുന്നില്‍ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പ്രതിഷേധം. സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചുവെന്നും വി.എസ്. ശിവകുമാറിന്റെ ഉത്തരവാദിത്തത്തിന്മേലാണ് തങ്ങള്‍ നിക്ഷേപം നടത്തിയതെന്നും ആരോപിച്ചാണ് പ്രതിഷേധം.

കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകള്‍ ഉണ്ടായിരുന്നത്. ഇവിടങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം. 300ലേറെപ്പേര്‍ക്കായി 13 കോടിയോളം രൂപ ഇത്തരത്തില്‍ നിക്ഷേപത്തുക കിട്ടാനുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

വി.എസ്. ശിവകുമാറിന്റെ ബിനാമി കരകുളം സ്വദേശിയായ അശോകനെ പറഞ്ഞയച്ചാണ് തന്റെ കൈയില്‍നിന്ന് നിക്ഷേപം വാങ്ങിയതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇപ്പോള്‍ ഇതില്‍ ഒരു ബന്ധവുമില്ലെന്നാണ് ശിവകുമാര്‍ പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചത്. ഇപ്പോള്‍ അദ്ദേഹം ഉത്തരവാദിത്തത്തില്‍നിന്ന് കൈയൊഴിയുന്നു. നവംബര്‍ അഞ്ചിന് മകളുടെ കല്യാണമാണ്. അതുകൊണ്ടാണ് പണത്തിന് ആവശ്യമായി വന്നത്. 30 ദിവസമേ കല്യാണത്തിനുള്ളൂ. വേറൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വി.എസ്. ശിവകുമാറിന്റെ പി.എ. ആയിരുന്നു സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രന്‍. എന്ത് ഇടപാടുനടന്നാലും ഇവര്‍ രണ്ടുപേരും അറിഞ്ഞാണ് ചെയ്തത്. രണ്ടുദിവസത്തിലൊരിക്കല്‍ ശിവകുമാര്‍ അവിടെ വരും. എല്ലാകാര്യങ്ങളും ശിവകുമാറിന് അറിയാം. ശിവകുമാറിന്റെ ബിനാമിയാണ് രാജേന്ദ്രന്‍. എല്ലായിടത്തും വസ്തുവകകള്‍ വാങ്ങുന്നത് ഇയാളുടെ പേരിലാണ്. വെള്ളായണി ശാഖയില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപയാണ് എനിക്ക് നഷ്ടമായത്. രാജേന്ദ്രന്റെ വീടനടുത്താണ് എന്റെ വീട്. എന്റെ ഭാര്യക്കാണെങ്കില്‍ കണ്ണിനും ഹൃദയത്തിനും കിഡ്‌നിയ്ക്കും തകരാറുണ്ട്. മാസം 25,000 രൂപയുടെ ചികിത്സയാണ് നടത്തുന്നത്. അതവനറിയാം. തരാം തരാം എന്നു പറയുകയല്ലാതെ ഇതുവരെ തരുന്നില്ല’, മറ്റൊരു നിക്ഷേപകന്‍ പറഞ്ഞു.

‘പലിശ ചോദിക്കുമ്പോള്‍, ആരെങ്കിലും നിക്ഷേപം നടത്തുമ്പോള്‍ പങ്കുവെച്ചുതരാമെന്നാണ് പറയുന്നത്. അത് പറയുകയല്ലാതെ കാര്യങ്ങളൊന്നും നടക്കുന്നില്ല. ഹൃദ്രോഗിയാണ് ഞാന്‍. ചികിത്സയ്ക്ക് പണം ചോദിച്ചപ്പോള്‍ അവന്‍ തന്നില്ല. ഒരു തീരുമാനം ഉണ്ടാക്കാനാണ് ഇപ്പോള്‍ വന്നത്’, പ്രതിഷേധക്കാരില്‍ ഒരാള്‍ വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി പ്രാദേശിക സി.പി.എം. നേതൃത്വം രംഗത്തെത്തിയിരുന്നു. പരിഹാരം കാണാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button