വിശാഖപട്ടണത്ത് വീണ്ടും വാതകചോര്‍ച്ച,സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം,കൂടുതലാളുകളെ ഒഴിപ്പിയ്ക്കുന്നു
വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍ജി പോളിമറില്‍ സ്റ്റെറീന്‍ ചോര്‍ച്ചയുണ്ടായത്. പ്ലാസ്റ്റിക് ഉത്പനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ നാല്‍പ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്‌കൃത വസ്തുക്കള്‍ക്ക് രാസപ്രവര്‍ത്തനം സംഭവിച്ചാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് നിഗമനം.
സമീപഗ്രാമങ്ങളില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ സ്റ്റെറീന്‍ പരന്നു. പലരും ഉറക്കത്തിലായിരുന്നു. ചിലര്‍ ബോധരഹിതരായായി തെരുവുകളില്‍ വീണു. പലര്‍ക്കും തൊലിപ്പുറത്ത് പൊളളലേറ്റു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ജനങ്ങളെ ഒഴിപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല. വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയത്. എന്നാല്‍ വീണ്ടും കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്.