ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് തലസ്ഥാന നഗരിയില്‍ വീരോചിത സ്വീകരണം. ശനിയാഴ്ച്ച രാവിലെയാണ് പാരീസില്‍ നിന്ന് വിനേഷ് ഫോഗട്ട് ഡല്‍ഹിയിലെത്തിയത്. ആയിരങ്ങളാണ് വിനേഷിനെ സ്വീകരിക്കാനായി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
വിനേഷിന്റെ അമ്മയടക്കമുള്ള കുടുംബാംഗങ്ങള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനത്താവളത്തിലെത്തിയ ആരാധകര്‍ അടക്കമുള്ളവര്‍ വിനേഷിനായി കാത്തിരിക്കുകയായിരുന്നു. വിനേഷിന് പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ നഷ്ടമായത് ഇന്ത്യയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിരവധി പേരാണ് വിനേഷിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.
അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തില്‍ വിനേഷിനൊപ്പം ഭാഗമായിരുന്ന ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവരും വിമാനത്താവളത്തില്‍ വിനേഷിനൊപ്പം തന്നെയുണ്ടായിരുന്നു. നോട്ടുമാല അണിയിച്ചാണ് താരത്തെ ആരാധകര്‍ സ്വീകരിച്ചത്. വിനേഷ് ഇന്ത്യയിലെത്തുന്നതിനെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
ഇന്ന് തലസ്ഥാന നഗരിയിലെ സ്വീകരണത്തിന് ശേഷം വിനേഷ് ഹരിയാനയിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങും. ആരാധകരുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്‌നേഹത്തില്‍ പൊട്ടിക്കരയുന്ന വിനേഷിനെയും വീഡിയോയില്‍ കാണാം. പൂനിയയും സാക്ഷിയയും വീഡിയോയില്‍ വിനേഷിന്റെ അടുത്ത് തന്നെയുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയുന്നു. ഞാന്‍ ഭാഗ്യവതിയാണെന്നും വിനേഷ് പറഞ്ഞു.
നേരത്തെ പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫൈനലിലെത്തിയിരുന്നു. ഇതോടെ മെഡല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ഹൃദയഭേദകമായ കാര്യങ്ങള്‍ നടന്നത്. സ്വര്‍ണ മെഡലിനുള്ള മത്സരത്തിന് മുമ്പുള്ള ഭാരപരിശോധനയില്‍ വിനേഷിന് 100 ഗ്രാം അധികമാുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അയോഗ്യയാക്കുകയായിരുന്നു.
വെള്ളി മെഡല്‍ സംയുക്തമായി നല്‍കണമെന്ന് വിനേഷ് ആര്‍ബിട്രേഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിനേഷിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ഒളിംപിക് മെഡല്‍ നേടാത്തതില്‍ വലിയ വേദനയും ദു:ഖവുമുണ്ടെന്ന് വിനേഷ് പറഞ്ഞു. ഭാവിയില്‍ കായിക മേഖലയിലേക്ക് തിരിച്ചുവരുന്ന കാര്യത്തെ കുറിച്ചും വിനേഷ് കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് പറഞ്ഞിരുന്നു.