EntertainmentKeralaNews

നായകനെക്കാൾ മുന്നിൽ വില്ലൻ;ഫഹദിന്റെ ‘രത്നവേൽ’ ആഘോഷിക്കപ്പെടുമ്പോൾ

കൊച്ചി:മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ നിരവധി ആരാധകരുണ്ട് നടൻ ഫഹദ് ഫാസിലിന്. തന്റേതായ അഭിനയശൈലി കൊണ്ടും പക്വതയും പാകതയുമുള്ള കഥാപാത്രങ്ങൾ കൊണ്ടും ഫഹദ് എപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫഹദ് തെരഞ്ഞെടുക്കുന്ന സിനിമകളും ഒന്നിനൊന്നിന് മികച്ചതും വ്യത്യസ്തവുമാണ്. മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ത്രത്തിലെ ഫഹദിന്റെ അഭിനയവും ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസായതിന് പിന്നാലെ വീണ്ടും മറ്റൊരു ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ചിത്രത്തിൽ മറ്റ് താരങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത് ഫഹദാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏറ്റവും കൂടുതൽ ഈ അഭിപ്രായം പറയുന്നത് തമിഴ് പ്രേക്ഷകരാണെന്നതാണ് എടുത്തുപറയേണ്ട കാര്യം. രത്നവേൽ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ മാമന്നനിൽ അവതരിപ്പിച്ചത്.

പ്രകടനത്തിൽ നായകനായി എത്തിയ ഉദയനിധി സ്റ്റാലിനേക്കാൾ മികച്ചതായാണ് പ്രതിനായകനായെത്തിയ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ സോഷ്യൽ മീഡിയയിൽ വിലയിരുത്തപ്പെടുന്നത്. നായകൻ പറയുന്ന ആശയം മുന്നിൽ നിൽക്കണമെങ്കിൽ ഫഹദ് ഫാസിലിനെ വില്ലനായി അവതരിപ്പിക്കരുത് എന്നും നായകനെ സൈഡാക്കിക്കൊണ്ട് അദ്ദേഹം സ്കോർ ചെയ്യുമെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പരിയേറും പെരുമാൾ, കർണ്ണൻ എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് ഒരുക്കിയ ചിത്രം ആദ്യ ആഴ്ച കൊണ്ട് മാത്രം 40 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നും കളക്ഷൻ നേടിയത്.

ഫഹദ് ഫാസിന്റെ അഭിനയത്തെക്കുറിച്ചും വടിവേലുവിന്റെ വ്യത്യസ്തമായ റോളിനെ കുറിച്ചും അന്നുമുതൽ തന്നെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. അന്യഭാഷകളിലും മികച്ച പ്രകടനം നടത്തുന്ന ഫഹദിനെ അഭിനന്ദിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും സജീവമായി വന്നിരുന്നു. ജാതീയതയും വംശീയതയും മുടി മുതൽ നഖം വരെ നിലകൊള്ളുന്ന കഥാപാത്രമായി മാമന്നനിൽ ഫഹദ് ഫാസിൽ അഴിഞ്ഞാടുകയായിരുന്നു. നായകനെക്കാൾ ഒരുപടി മുന്നിൽ പ്രതിനായകൻ എത്തിയോ എന്ന സംശയവും സിനിമ റിലീസായത് മുതൽ ചർച്ചകളിൽ ഉയർന്നിരുന്നു.

സിനിമ ഒടിടിയിൽ റിലീസായതോടെ ജാതിചിന്തകളെ പ്രമോട്ട് ചെയ്യുന്ന രീതിയിലുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജാതീയതയെ ഗ്ലോറിഫൈ ചെയ്യുന്ന രീതിയിലാണ് ഈ വീഡിയോകൾ ഉണ്ടാക്കിയിരിക്കുന്നത്. ജാതി ചിന്തകളെ വാഴ്ത്തുന്ന ചില പാട്ടുകളിൽ രത്നവേൽ എന്ന ഫഹദിന്റെ കഥാപാത്രത്തിന്റെ ചില മാസ്സ് ഡയലോഗുകളും രംഗങ്ങളും ചേർത്ത് എഡിറ്റ് ചെയ്തുകൊണ്ടുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

മാമന്നൻ എന്ന സിനിമ സംസാരിക്കുന്നത് ജാതി ചിന്തകൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ കുറിച്ചാണ്. എന്നാൽ ജാതീയത ഗ്ലോറിഫൈ ചെയ്യപ്പെടുന്ന രീതിയിലാണ് ഇപ്പോൾ വീഡിയോകൾ വന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവായ ഒരു കഥാപാത്രമായിരുന്നിട്ട് കൂടി മാമന്നനിലെ ഫഹദിന്റെ കഥാപാത്രം ആഘോഷമാക്കുകയാണിപ്പോൾ സിനിമ പ്രേക്ഷകരും സോഷ്യൽ മീഡിയയും. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്.

ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രമായി എത്തിയ വേലൈക്കാരനാണ് ഫഹദിൻ്റെ ആദ്യ തമിഴ് ചിത്രം. വിക്രത്തിലെ അമർ എന്ന കഥാപാത്രത്തിലൂടെ തമിഴ് സിനിമയിൽ ഫഹദ് സ്വന്തമായി ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. അല്ലു അർജുൻ നായകനായ പുഷ്പയിലെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. പുഷ്പ 2 വിലും ഫഹദ് ഫാസിലെത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button