‘മിഷന്‍ മംഗള്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി വിദ്യാ ബാലന്‍. ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞയായിട്ടാണ് താരം എത്തുന്നത്. ‘ഐഎസ്ആര്‍ഒയുടെ ഇത്രയും വലിയ വിജയകരമായ ചൊവ്വാ ദൗത്യം സമൂഹവും സിനിമയും എല്ലാം ആഘോഷിക്കേണ്ടതാണ്. കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. ഈ കഥ സമൂഹത്തോട് പറയേണ്ടതുതന്നെയാണ് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സാധാരണ നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ നേട്ടം അങ്ങനെ ആഘോഷിക്കാറില്ല. എന്തായാലും നമ്മുടെ രാജ്യം എത്ര മഹത്തരമാണെന്ന് ബോധ്യപ്പെടുത്തുന്ന കൂടുതല്‍ സിനിമകള്‍ ഉണ്ടാകുന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള്‍ അറിഞ്ഞ കാര്യമുണ്ട്. അവരുടെ രാജ്യത്തെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും എത്രത്തോളം അഭിമാനമുള്ളവരാണ് അവരെന്ന്. നമ്മുടെ സംസ്‌കാരവും, ചരിത്രവും, നമ്മുടെ നേട്ടങ്ങളുമെല്ലാം മഹത്തരമാണ്. നമ്മള്‍ അത് ആഘോഷിച്ചു തുടങ്ങേണ്ടതുണ്ട്. നമ്മുടെ സിനിമകള്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മിഷന്‍ മംഗളും അത്തരത്തിലുള്ള ഒരു സിനിമയാണ്’ എന്നാണ് വിദ്യാ ബാലന്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ രാകേഷ് ധവാന്‍ എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അഭിനയിക്കുന്നത്. വിദ്യാ ബാലന്‍, തപ്സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.