തുഷാര്‍ വെള്ളാപ്പള്ളിയെ മനപൂര്‍വ്വം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയെ മനപൂര്‍വ്വം കുടുക്കിയതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പോലീസിനെ കൊണ്ട് പിടിപ്പിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബുധനാഴ്ചയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്.
യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വെള്ളാപ്പള്ളിയും കുടുംബവും കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയതായാണ് റിപ്പോര്‍ട്ട്.
അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് തുഷാറിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്.