കൊല്ലം: ശ്രീനാരായണ ഗുരുദേവിന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം, എന്നാല്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മതത്തെ തൊട്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി ചിത്രീകരിച്ചപ്പോഴും രാഷ്ട്രീയക്കാരും സാഹിത്യകാരന്‍മാരും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നാണ് പറഞ്ഞത്.
എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അതിന് നല്‍കിയ അവാര്‍ഡ് പിന്‍വലിച്ചു. മതത്തെ തൊട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു. ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ്. നമ്മള്‍ സംഘടിതരോ ശക്തരോ വോട്ട് ബാങ്കോ അല്ലാത്തതാണ് ഈ ഇരട്ടത്താപ്പിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലെ കാര്‍ട്ടൂണാണ് സഭയെ ചൊടിപ്പിച്ചത്. സ്ത്രീ പീഡകര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള വിമര്‍ശനമായിരുന്നു കാര്‍ട്ടൂണ്‍. പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.
പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണ്. കൈയില്‍ മെത്രാന്‍ സ്ഥാനീയ ചിഹ്നവും. കോഴിയുടെ നില്‍പ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നയാള്‍ക്ക് പി.സി ജോര്‍ജ്ജിന്റേയും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയുടേയും മുഖം. ഇതാണ് കാര്‍ട്ടൂണ്‍ ചര്‍ച്ചയാക്കുന്ന വിമര്‍ശനം.