News

‘കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തല; രമേശ് നല്ലവനാണ്, തമ്മില്‍ ഭേദം തൊമ്മനാണ്; പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ ചെന്നിത്തല’ പ്രകീര്‍ത്തിച്ച് വെളളാപ്പള്ളി നടേശന്‍;

ആലപ്പുഴ: 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്‍ എസ് എസിനോട് വീണ്ടും അടുക്കുകയാണ്. ജനുവരി 2 ന് എന്‍ എസ് എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി പരിപാടിയില്‍ മുഖ്യപ്രഭാഷകനാണ് ചെന്നിത്തല. ഇതിന് മുന്നോടിയായി എസ് എന്‍ ഡി പി യൂണിയന്റെ ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയുടെ ഉദ്ഘാടകന്‍ ചെന്നിത്തലയാണ്. വൈക്കം യൂണിയന്റെ പരിപാടിയില്‍ സമ്മേളന ഉദ്ഘാടന ചുമതലയാണ് ചെന്നിത്തലയ്ക്ക് നല്‍കിയിരിക്കുന്നത്.

ചുരുക്കത്തില്‍, എന്‍ എസ് എസും, എസ് എന്‍ ഡി പിയും ചെന്നിത്തലയെ ചേര്‍ത്തുപിടിക്കുകയാണ്. രമേശ് ചെന്നിത്തലയെ എഴുതി തള്ളാനാവില്ലെന്ന സന്ദേശമാണ് ഇരുസമുദായ സംഘടനകളും നല്‍കുന്നത്. ഒരുപടി കൂടി കടന്ന് ചെന്നിത്തലയെ പ്രകീര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എന്‍എസ്എസുമായി ഇണങ്ങിയതുകൊണ്ട് ചെന്നിത്തലയ്ക്കു പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും അദ്ദേഹവും എസ്എന്‍ഡിപിയും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. രമേശ് നല്ലവനാണ്. തമ്മില്‍ ഭേദം തൊമ്മനാണ്. താക്കോല്‍ സ്ഥാനത്ത് ആരു വന്നിട്ടും കാര്യമില്ല. താക്കോല്‍ കിട്ടിയിട്ട് വേണ്ടേയെന്നും അഞ്ചു പേര് താക്കോലിനായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

രമേശ് ചെന്നിത്തല വൈകിയാണെങ്കിലും എന്‍എസ്എസുമായി ഇണങ്ങിയത് നന്നായി. എന്നാല്‍, അവരുമായി ഇണങ്ങിയതുകൊണ്ട് ചെന്നിത്തലയ്ക്കു പ്രത്യേകിച്ച് ഗുണമില്ല. പിണങ്ങിയ കാരണം അവര്‍ക്കറിയാം. തലയിലെഴുത്തില്ലാത്ത നേതാവാണ് ചെന്നിത്തല. കോണ്‍ഗ്രസിന് കണ്ടകശ്ശനിയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനു ജനിക്കാത്ത കുട്ടിക്ക് എന്തിന് പേരിടണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

കുറച്ചു കാലമായി കേരളത്തിലെ രാഷ്ട്രീയത്തില്‍ നിന്നും ചെന്നിത്തലയെ ചിലര്‍ മാറ്റി നിര്‍ത്തുന്നുവെന്ന ചര്‍ച്ചയുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മഹാരാഷ്ട്രയിലായിരുന്നു ചുമതല. വയനാട്ടിലും പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴും ചെന്നിത്തല മഹാരാഷ്ട്രയിലായിരുന്നു. അവിടെ കോണ്‍ഗ്രസ് മുന്നണി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. ഇതോടെ ചെന്നിത്തലയുടെ കാലം കഴിഞ്ഞെന്ന വിലയിരുത്തലുകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇതിനിടെയാണ് മണിയാര്‍ വൈദ്യുതി ഇടപാടില്‍ ആരോപണവുമായി ചെന്നിത്തല എത്തിയത്.

തെളിവ് അടക്കം പുറത്തു വിട്ടു. കൊച്ചിയിലെ സ്മാര്‍ട് സിറ്റിയിലും കത്തി കയറി. ഇതോടെ പ്രതിപക്ഷത്തെ പ്രധാന ശബ്ദമായി ചെന്നിത്തല മാറി. പിന്നാലെ എന്‍ എസ് എസ് ക്ഷണവും എത്തി. മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് പെരുന്നയില്‍ ചേരുന്ന സമ്മേളനത്തില്‍ ചെന്നിത്തല പങ്കെടുക്കും. പരിപാടിയുടെ നോട്ടീസ് പുറത്തിറക്കി. ഇതിന് പിന്നാലെയാണ് അതിന് മുമ്പുള്ള പരിപാടിയിലേക്ക് എസ് എന്‍ ഡി പിയും ചെന്നിത്തലയെ ക്ഷണിക്കുന്നത്. ഇതോടെ ഈ സമുദായത്തിനും ചെന്നിത്തലയോട് താല്‍പ്പര്യം ഉണ്ടെന്ന് വ്യക്തമാകുകയാണ്.

ആലപ്പുഴയിലെ ഹരിപ്പാടെ എംഎല്‍എയാണ് ചെന്നിത്തല. എസ് എന്‍ ഡി പി യ്ക്ക് ഏറെ സ്വാധീനമുള്ള നിയോജക മണ്ഡലമാണ് ഹരിപ്പാട്. അതുകൊണ്ട് തന്നെ എന്‍ എസ് എസിനൊപ്പം എസ് എന്‍ ഡി പിയും ചെന്നിത്തലയെ ചേര്‍ത്തു നിര്‍ത്തുന്ന രാഷ്ട്രീയ സന്ദേശം അണികള്‍ക്ക് നല്‍കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഹരിപ്പാട്ടെ വിജയത്തിന് ചെന്നിത്തലയ്ക്ക് ഇതും അനിവാര്യ ഘടകമാണ്. എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും ഒരു പോലെ കണ്ട് താന്‍ ഒരു സമുദായത്തിന്റെ മാത്രം ആളല്ലെന്ന സന്ദേശം നല്‍കാനും ചെന്നിത്തല ശ്രമിക്കും.

ക്രൈസ്തവ-മുസ്ലീം മത നേതാക്കളുമായുള്ള സൗഹൃദവും ചെന്നിത്തല ശക്തമായി കൊണ്ടു പോകും. ഒരു സമൂദായത്തിന്റെ മാത്രം ആളായി തളയ്ക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന തിരിച്ചറിവില്‍ ചെന്നിത്തല വ്യക്തമായ പദ്ധതികള്‍ ഇതിന് വേണ്ടി തയ്യാറാക്കുമെന്നും സൂചനയുണ്ട്. ചെന്നിത്തലയോട് ഒരു അതൃപ്തിയുമില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും നല്‍കുന്നത് എന്നതാണ് വസ്തുത.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാന വിവാദമുണ്ടാക്കി എന്‍എസ്എസ് നിലപാട് സ്വീകരിച്ചിരുന്നു. ഈ പരാമര്‍ശത്തെ ചെന്നിത്തല പിന്നീട് തള്ളിപ്പറഞ്ഞതായിരുന്നു അകല്‍ച്ചക്ക് കാരണം. 11 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചെന്നിത്തല എന്‍എസ്എസ് വേദിയിലെത്തുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി എന്‍എസ്എസ് നല്ല ബന്ധത്തിലല്ല. അതിനിടെയാണ് ചെന്നിത്തലയെ എന്‍എസ്എസ് വീണ്ടും ചേര്‍ത്തുപിടിക്കുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ രമേശിന് താക്കോല്‍ സ്ഥാനം നല്‍കണമെന്ന ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയോടെയാണ് രമേശും എന്‍.എസ്.എസ് നേതൃത്വവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് തുടക്കമാകുന്നത്.

വീണ്ടും ഒരു ജനുവരിയിലാണ് അവര്‍ ഒന്നിക്കുന്നത്. 2013 ഒരു ജനുവരി. ജി.സുകുമാരന്‍ നായര്‍ തിരുവനന്തപുരത്ത് നടത്തിയ ഈ പ്രസംഗം കേരള രാഷ്ട്രീയത്തിന് താക്കോല്‍ സ്ഥാനം എന്ന പദം സമ്മാനിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ രമേശിനെ ഉള്‍പ്പെടുത്തണമെന്നായരുന്നു സുകുമാരന്‍ നായരുടെ അന്ത്യശാസനം. കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശിന് ചെറിയ പരുക്കല്ല താക്കോല്‍ സ്ഥാനം നല്‍കിയത്. അതിനെ ചെന്നിത്തല തള്ളി പറഞ്ഞു.

മന്ത്രിസ്ഥാനം വേണ്ടെന്ന് പറഞ്ഞെങ്കിലും അടുത്ത ജനുവരി ഒന്നിന്, അതായത് 2014ല്‍ രമേശ് ആഭ്യന്തരമന്ത്രിയായി. പക്ഷേ രമേശും എന്‍.എസ്.എസും നേതൃത്വവും തമ്മില്‍ അടുക്കാനാവാത്ത വിധം അകന്നിരുന്നു. ഇതാണ് ഇപ്പോള്‍ മാറുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് ചെന്നിത്തലയ്ക്ക് എന്‍.എസ്.എസ് ക്ഷണം കിട്ടുന്നത്. അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. എന്‍.എസ്.എസ് പ്രസിഡന്റ് എം.ശശികുമാര്‍ അദ്ധ്യക്ഷനാകും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി അനുസ്മരണപ്രഭാഷണം നടത്തും. ജി. സുകുമാരന്‍ നായര്‍ സ്വാഗതവും, എന്‍.എസ്.എസ് ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള നന്ദിയും പറയും.

എന്‍.എസ്.എസുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല പ്രതികരിച്ചിട്ടുണ്ട്. ആരുമായും എന്നും വഴക്കിട്ട് നില്‍ക്കേണ്ട കാര്യമില്ല. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ക്ഷണിച്ചത്. സന്തോഷപൂര്‍വം ക്ഷണം സ്വീകരിച്ചു. പഴയകാല സംഭവങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker