തിരുവനന്തപുരം: പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ദിവസം വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
പത്തനാപുരത്ത് നിന്ന് അണലിയെ പിടികൂടിയശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം അതിനെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെ അദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സുരേഷിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിനെ കാണാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരനെത്തി. ഇന്നലെ വൈകുന്നേരമാണ് മന്ത്രി ആശുപത്രിയിലെത്തിയത്. ചികിത്സയുടെ കാര്യങ്ങള്‍ അദ്ദേഹം വാവ സുരേഷിനോട് ചോദിച്ചറിഞ്ഞു. പാമ്പു കടിക്കാനിടയായ സംഭവങ്ങളും തന്റെ ബുദ്ധിമുട്ടികളും വാവ സുരേഷ് മന്ത്രിക്ക് വിവരിച്ചു കോടുത്തു. വാവയുടെ അച്ഛനും സഹോദരിയും പ്രത്യേക വാര്‍ഡില്‍ കൂടെയുണ്ടായിരുന്നു. വാവ സുരേഷിന്റെ ചികിത്സിച്ച ഡോക്ടന്മാരും മെഡിക്കല്‍ കോളേജ് സുപ്രണ്ടും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഡോക്ടറോട് ചികിത്സാ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചാണ് മന്ത്രി ആശുപത്രിയില്‍ നിന്ന് പോയത്.